2024 ജനുവരി ഒന്നിന് അയോധ്യ രാമക്ഷേത്രം നിർമാണം പൂർത്തിയാക്കാൻ തീരുമാനം

ന്യൂ‍ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ജനുവരി ഒന്നിനകം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമ്മാണത്തെ ദുർബലപ്പെടുത്തിയത് കോൺഗ്രസാണെന്നും സുപ്രീം കോടതി വിധിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമ്മിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

ക്ഷേത്ര നിർമ്മാണം പാതിവഴിയിലാണെന്ന് നവംബറിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയിരുന്നു. 2023 ഡിസംബറോടെ പണി പൂർത്തിയാകും. 2024 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാമക്ഷേത്രം തുറക്കുന്നത് വലിയ രാഷ്ട്രീയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

പതിറ്റാണ്ടുകളായി നിയമക്കുരുക്കിൽ അകപ്പെട്ട അയോധ്യ ക്ഷേത്രത്തിന്‍റെ നിർമ്മാണം 2020 ഓഗസ്റ്റ് അഞ്ചിനാണ് സുപ്രീം കോടതി വിധിയെ തുടർന്ന് ആരംഭിച്ചത്. പ്രധാനമന്ത്രിയാണ് തറക്കല്ലിട്ടത്. രണ്ട് നിലകളിലായി അഞ്ച് മണ്ഡപങ്ങളിലായാണ് ക്ഷേത്രം നിർമ്മിക്കുന്നത്. തീർത്ഥാടകർക്കായി പ്രത്യേക സൗകര്യങ്ങളും, മ്യൂസിയം, റിസർച്ച് സെന്‍റർ, ഓഡിറ്റോറിയം, പൂജാരിമാർക്കുള്ള മുറികൾ എന്നിവയും ഒരുക്കും.