സ്വപ്നങ്ങൾക്ക് അതിരില്ല;പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടി തോട്ടം തൊഴിലാളി

ഉപ്പുതറ: വിദ്യാർത്ഥിയായിരിക്കുമ്പോൾ ജബക്കനി പത്താം ക്ലാസ് എഴുതിയെങ്കിലും പരാജയപ്പെട്ടു. എന്നാൽ ആ പരാജയം മറക്കാനും അവർ തയ്യാറല്ലായിരുന്നു. തോട്ടം തൊഴിലാളിയായ ജബക്കനി 35 വർഷത്തിനുശേഷം വീണ്ടും പരീക്ഷ എഴുതി. ഉയർന്ന ഗ്രേഡുകൾ സ്വന്തമാക്കിയാണ് ഇത്തവണ ജബക്കനി വിജയം നേടിയത്. സാക്ഷരതാ മിഷന്റെ കഴിഞ്ഞ ബാച്ചിൽ പരീക്ഷ എഴുതിയായിരുന്നു ജബക്കനിയുടെ മധുര വിജയം.

മലയാളത്തിൽ എ പ്ലസ്, ഹിന്ദി, സോഷ്യൽ സയൻസ് വിഷയങ്ങൾക്ക് എ ഗ്രേഡ്, മറ്റെല്ലാ വിഷയങ്ങൾക്കും ബി പ്ലസ് എന്നിവ നേടിയാണ് തമിഴ്നാട് സ്വദേശിനിയായ ജബക്കനിയുടെ വിജയമെന്നതും കൂടുതൽ പ്രശംസയർഹിക്കുന്നു.

ഒരിക്കൽ പത്താം ക്ലാസ്സ്‌ പരാജയപെട്ടപ്പോൾ വീണ്ടും പരീക്ഷ എഴുതണമെന്നും വിജയിക്കണമെന്നും ആഗ്രഹിച്ചപ്പോൾ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. വളരെ പെട്ടെന്ന് വിവാഹവും നടന്നതോടെ തന്റെ ആഗ്രഹങ്ങൾ ഉപേക്ഷിച്ച് ഭർത്താവിനോപ്പം ലോൺട്രി എസ്റ്റേറ്റിൽ താൽകാലിക ജീവനക്കാരിയുടെ വേഷമണിയേണ്ടി വന്നു ജബക്കനിക്ക്. തോട്ടം തൊഴിലാളിയായി ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ ഉടമ 2000 ൽ തോട്ടമുപേക്ഷിച്ചു പോയത് പട്ടിണിയിലേക്കാണ് ആ കുടുംബത്തെ നയിച്ചത്. ഇതിനിടയിൽ ഭർത്താവിന് ഹൃദയസംബന്ധമായ അസുഖവും ബാധിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം പോലും മുടങ്ങിയ സാഹചര്യമുണ്ടായിരുന്നെന്നും അവർ പറയുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുള്ള ജബക്കനിയുടെ വിജയം വലിയ പ്രചോദനമാണ്.