അസാധ്യമായി ഒന്നുമില്ല:തൊഴിലുറപ്പ് വരുമാനത്തിലൂടെ സ്വപ്ന വിമാനയാത്ര നടത്തി വനിതകൾ

കൊണ്ടോട്ടി: മേഘപാളികൾക്കിടയിലൂടെ സഞ്ചരിക്കുന്ന വിമാനത്തിലേറുകയെന്നത് പലർക്കും വലിയ സ്വപ്നമാണ്. വർഷങ്ങളായി നെഞ്ചിലടക്കിയ സ്വപ്നം യാതാർഥ്യമാക്കിയിരിക്കുകയാണ് ഒരു കൂട്ടം വനിതകൾ.അതും തൊഴിലുറപ്പ് ജോലിയിലൂടെ ലഭിച്ച വരുമാനം മിച്ചം പിടിച്ച തുകയിലൂടെ.

മുസ്ലിയാരങ്ങാടിയിൽ നിന്നുള്ള 13 സ്ത്രീകളാണ് തൊഴിലുറപ്പ് വരുമാനത്തിലൂടെ സ്വരുകൂട്ടിയ തുക ഉപയോഗിച്ച് വിമാനത്തിൽ പറന്നത്.ആകാശത്തിലൂടെ മാത്രമല്ല തീവണ്ടിയാത്രയും കടലിലൂടെയുള്ള ബോട്ട് യാത്രയുമുൾപ്പെടെയാണ് മൂന്ന് ദിവസത്തെ വിനോദയാത്ര അവർ പൂർത്തിയാക്കിയത്.

കരിപ്പൂരിൽ നിന്ന് കണ്ണൂരിലേക്ക് വിമാനത്തിലെത്തിയ സംഘം പറശ്ശിനിക്കടവ് ക്ഷേത്ര ദർശനം പൂർത്തിയാക്കിയ ശേഷം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറുകയും, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് കന്യാകുമാരിയിലെത്തുകയും ചെയ്തു. പിന്നീട് ബോട്ടിൽ കയറി വിവേകാനന്ദപ്പാറയിലേക്ക്. കടൽകാഴ്ചകളും സൂര്യാസ്തമയത്തിന്‍റെ ഭംഗിയും ആസ്വദിച്ച ശേഷമാണ് അവർ മടങ്ങിയത്. ചക്കിപ്പറമ്പിൽ കെ.ദേവയാനി, പൂളക്കപ്പറമ്പ് സുമതി, സീത, വത്സല, വെള്ളാട്ട് പുര വിലാസിനി, ദേവകി, സരോജിനി, ശോഭ, ജാനകി, പുഷ്പ, സരള, ലൈലജ, ചിന്ന എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഉല്ലാസ യാത്ര കഴിഞ്ഞെത്തിയ സംഘത്തിന് മുസ്ലിയാരങ്ങാടി പോക്കർ മാസ്റ്റർ ഗ്രന്ഥശാല സ്വീകരണം നൽകി.നഗരസഭാംഗങ്ങളായ താന്നിക്കൽ സൈതലവി, ഷിഹാബ് കോട്ട, എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ബിജു തുടങ്ങിയവർ പങ്കെടുത്തു.