ഇനി പാസ്പോർട്ടിന് പകരം മുഖം; യുഎഇ വിമാനത്താവളത്തില്‍ ബയോമെട്രിക് സംവിധാനം

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്നതിന്‍റെ ആദ്യഘട്ടത്തിന് തുടക്കമായി. ബോർഡിംഗ് പാസുകൾ ലഭിക്കുന്നതിനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങൾക്കും യാത്രക്കാർക്ക് തിരിച്ചറിയൽ രേഖയായി സ്വന്തം മുഖം ഉപയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനിയാണ് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനങ്ങൾ വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്. ഐഡെമിയ, സീത തുടങ്ങിയ ആഗോളതലത്തിൽ പ്രശസ്തമായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടെക്നോളജി സ്ഥാപനങ്ങളുടെ പിന്തുണയിലാണ് പുതിയ സംവിധാനം. വിമാനത്താവളത്തിലെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന എല്ലാ കൗണ്ടറുകളിലും ഗേറ്റുകളിലും സ്ഥാപിക്കുന്നതിന് മുന്നോടിയായി പ്രത്യേകം തിരഞ്ഞെടുത്ത ചില സെൽഫ്-സർവീസ് ബാഗേജ് ടച്ച് പോയിന്‍റുകൾ, ഇമിഗ്രേഷൻ ഇലക്ട്രോണിക് ഗേറ്റുകൾ, ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ ഇത് ഇപ്പോൾ പ്രവർത്തനം ആരംഭിച്ചു. 

ഈ അത്യാധുനിക സൗകര്യം മിഡ്ഫീൽഡ് ടെർമിനൽ കെട്ടിടത്തിന്‍റെ എല്ലാ കൗണ്ടറുകളിലേക്കും ഗേറ്റുകളിലേക്കും ഉടൻ വ്യാപിപ്പിക്കും. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ യാത്രക്കാരെ ബന്ധിപ്പിക്കുന്ന എല്ലാ ടച്ച് പോയിന്‍റുകളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുന്ന മേഖലയിലെ ആദ്യ വിമാനത്താവളമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം മാറും. മികച്ച സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ വിമാനത്താവളം സ്ഥാപിക്കുക എന്ന അബുദാബിയുടെ വികസന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പുകൂടിയാകും ഇത്. ഇത് എല്ലാ യാത്രക്കാർക്കും ബുദ്ധിമുട്ടില്ലാത്ത യാത്രാ അനുഭവവും നൽകും.