ഉത്പാദനത്തിൽ ഒല സ്കൂട്ടർ നമ്പർ 1; ഒരു ലക്ഷം പിന്നിട്ട് നിർമാണം

ഉൽപാദനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടതായി ഒല സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്കൂട്ടറായി ഒല മാറി. അടുത്ത വർഷം 10 ലക്ഷം യൂണിറ്റുകളും 2024 ഓടെ ഒരു കോടി യൂണിറ്റും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ വർഷമാണ് ഒല ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ചത്. എസ് 1, എസ് 1 പ്രോ, എസ് 1 എയർ തുടങ്ങിയ മോഡലുകളാണ് ഒലയ്ക്കുള്ളത്. ഇവയിൽ, അടുത്തിടെ ലോഞ്ച് ചെയ്ത എസ് 1 എയറിന്‍റെ വില ഒരു ലക്ഷം രൂപയിൽ താഴെയാണ്.  

മികച്ച രൂപകൽപ്പന, പ്രകടനം, സാങ്കേതികവിദ്യ എന്നിവയുമായാണ് ഒലയുടെ സ്കൂട്ടർ എത്തിയത്. ഒരൊറ്റ ചാർജിൽ, എസ് 1 എയറിന് 101 കിലോമീറ്റർ റേഞ്ചും എസ് 1, എസ് 1 പ്രോ മോഡലുകൾക്ക് 185 കിലോമീറ്ററും റേഞ്ച് ഉണ്ട്. ഉയർന്ന മോഡലുകൾക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.9 സെക്കൻഡ് മാത്രമേ ആവശ്യമുള്ളൂ. വാഹനത്തിന്‍റെ പരമാവധി വേഗത 115 കിലോമീറ്ററും എസ് 1 എയറിന്‍റെ പരമാവധി വേഗത 85 കിലോമീറ്ററുമാണ്.