യാത്രക്കാര്‍ കൂടിയിട്ടും ഇന്‍ഡിഗോയുടെ നഷ്ടം വർദ്ധിച്ചു

ഇൻഡിഗോ വിമാനക്കമ്പനിയായ ഇന്‍റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് 2022-23 ലെ ജൂലൈ-സെപ്റ്റംബർ കാലയളവിൽ 1,583.33 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,435.65 കോടി രൂപയുടെ നഷ്ടമാണ് ഇൻഡിഗോ രേഖപ്പെടുത്തിയത്. 2022-23 ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിയുടെ നഷ്ടം 519.1 കോടി രൂപയായി ഉയർന്നു.

അതേസമയം, ഇൻഡിഗോയുടെ വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 122 ശതമാനം ഉയർന്ന് 12,497.58 കോടി രൂപയായി. ഇന്ധന വില 1989.4 കോടി രൂപയിൽ നിന്ന് 6,257.9 കോടി രൂപയായി ഉയർന്നു. ഒരു വർഷം കൊണ്ട് 4,268.5 കോടി രൂപയുടെ വർദ്ധനവാണ് ഇന്ധനച്ചെലവിൽ ഉണ്ടായിരിക്കുന്നത്. ഇന്ധന വിലയിലെ വർദ്ധനവും രൂപയുടെ മൂല്യത്തകർച്ചയും കമ്പനിക്ക് തിരിച്ചടിയായി.

ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇൻഡിഗോ 19.7 ദശലക്ഷം യാത്രക്കാരെ വഹിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 11 ദശലക്ഷം യാത്രക്കാരാണ് ഉണ്ടായിരുന്നത്. അടുത്ത പാദത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇൻഡിഗോ ഇന്ത്യയിലെ 74 ലക്ഷ്യസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര തലത്തിൽ 26 ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്. ആകെ 279 വിമാനങ്ങളാണ് ഇൻഡിഗോയ്ക്കുള്ളത്. നിലവിൽ 1,800 രൂപയാണ് ഇൻഡിഗോ ഓഹരികളുടെ വില. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇൻഡിഗോയുടെ ഓഹരികൾ 16.74 ശതമാനം ഇടിഞ്ഞു.