ബിജെപിയെ നേരിടാൻ പ്രതിപക്ഷം ബദൽ ആശയങ്ങൾ ഉണ്ടാക്കണമെന്ന് രാഹുൽ ഗാന്ധി
ദില്ലി: കൃത്യമായ ആശയങ്ങളുമായി പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ അതിനെ നേരിടാൻ ബിജെപിക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി. എന്നാൽ അതിനായി പ്രതിപക്ഷം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ബദൽ ആശയങ്ങൾ ഉണ്ടാകണം. ജോഡോ യാത്ര വിജയകരമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് യാത്രയ്ക്ക് ലഭിച്ചത്. തുടക്കത്തിൽ അതൊരു യാത്ര മാത്രമാണെന്നാണ് കരുതിയത്. എന്നാൽ യാത്രയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആർ.എസ്.എസും ബി.ജെ.പിയും ആക്രമിക്കുമ്പോൾ യാത്ര കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പിയോടും ആർ.എസ്.എസിനോടും വീണ്ടും ആക്രമിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാം. അഖിലേഷ് യാദവും മായാവതിയും ഇന്ത്യയെ ഒന്നിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അത് തനിക്കറിയാം. ആശയപരമായ ഭിന്നതകൾ മാറ്റിവച്ച് അവരെയും ഒരുമിച്ച് നിർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്, രാഹുൽ പറഞ്ഞു.
നിങ്ങളുടെ കയ്യിൽ എത്ര പണം ഉണ്ടെങ്കിലും സത്യം മറച്ചുവെക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പിക്ക് പണത്തിന് ഒരു കുറവുമില്ല. പ്രചാരണങ്ങൾക്ക് പിന്നാലെ പ്രചാരണം നടത്താൻ അവർക്ക് പ്രയാസമില്ല. ഭാരത് ജോഡോയിൽ യാത്ര ചെയ്യുമ്പോൾ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ യാത്ര ചെയ്യാൻ ആവശ്യപ്പെട്ടാൽ എന്തുചെയ്യും? ബി.ജെ.പി നേതാക്കൾ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി തുറന്ന ജീപ്പിൽ റാലികൾ നടത്തുന്നത് സുരക്ഷാവീഴ്ചയല്ലേ? സുരക്ഷാ മാനദണ്ഡങ്ങൾ തനിക്ക് മാത്രം ബാധകമായത് എന്തുകൊണ്ടാണെന്നും അദ്ദേഹം പ്രതികരിച്ചു.