സ്റ്റെതസ്കോപ്പ് എടുത്ത കൈകളിൽ പെയിന്റിംഗ് ബ്രഷ്; ആശുപത്രി മോടിയാക്കി മാലാഖമാർ

നെയ്യാറ്റിൻകര : മരുന്നെടുക്കുന്ന കൈകളിൽ പെയിന്റിംഗ് ബ്രഷ് കണ്ടത് ഏവർക്കും അത്ഭുതമായി. ഒരു നാടിന്റെ മുഴുവൻ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാൻ, ആശുപത്രി ജീവനക്കാർ നേരിട്ടിറങ്ങിയത് നെയ്യാറ്റിൻകരയിലെ മനോഹര കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ്.

വളരെ കാലമായി കാടുപിടിച്ച് കിടന്നിരുന്ന നെയ്യാറ്റിൻകര ജനറൽ ആശുപത്രി പരിസരം വൃത്തിയാക്കാനും, കെട്ടിടം പെയിന്റ് അടിക്കുന്നതിനുമായാണ് ആർ.എം.ഒ ദീപ്തിയുടെ നേതൃത്വത്തിൽ പി.ആർ.ഒ സംഘം നേരിട്ടിറങ്ങിയത്.

പരിസരപ്രദേശങ്ങൾ ശുചീകരിക്കുന്നതിനും, പെയിന്റ് ചെയ്യുന്നതിനും മറ്റുമായി ഫണ്ട് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണെന്ന തിരിച്ചറിവോടെയാണ് ജോലികൾ സ്വയം ഏറ്റെടുക്കാൻ അവർ തീരുമാനിച്ചത്. ആവശ്യമായ പെയിന്റ്, സാമഗ്രികൾ, എന്നിവയെല്ലാം നൽകി സ്പോൺസർമാരും മുന്നോട്ട് വന്നു. ആശുപത്രിയിലെ ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളാണ് ഇതിന് വേണ്ടി മാറ്റി വക്കുന്നത്. ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പരിശോധിച്ച് സർക്കാർ നൽകുന്ന കായകൽപ്പ അവാർഡ് നേടി, സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയാക്കി മാറ്റുക എന്നതാണ് ഇവരുടെ ലക്ഷ്യം.