75 വർഷത്തിന് ശേഷം സിഖ് സഹോദരനുമായി ഒരുമിച്ച് പാക് മുസ്ലിം സഹോദരി

അമർജിത് സിംഗും കുൽസൂം അക്തറും 75 വർഷത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ സന്തോഷം കൊണ്ട് അവർ വീര്‍പ്പുമുട്ടുകയായിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. വിഭജനകാലത്ത് വേർപിരിഞ്ഞ അമർജിത്തിന്‍റെ സഹോദരി കുൽസൂം പതിറ്റാണ്ടുകൾക്ക് ശേഷം പാകിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബിൽ വച്ചാണ് അദ്ദേഹത്തെ കണ്ടുമുട്ടിയത്. താന്‍ ഇന്ത്യയില്‍ ഉപേക്ഷിക്കപ്പെടുന്ന കാലത്ത് ജനിച്ചിട്ടില്ലാത്ത തന്റെ സഹോദരിയെ കാണാന്‍ പ്രത്യേക വിസ കരസ്ഥമാക്കിയാണ് ജലന്ധറില്‍ നിന്ന് അമര്‍ജിത്ത് എത്തിയത്. വീൽചെയറിൽ സഹോദരിയെ കാണാൻ വന്ന അമർജിത്ത് അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുനനയിച്ചു. ബുധനാഴ്ചയായിരുന്നു ഇവരുടെ കൂടിക്കാഴ്ച.

അമർജിത്തിന്‍റെയും കുൽസൂമിന്‍റെയും മുസ്ലീം മാതാപിതാക്കൾ അമര്‍ജിത്തിനേയും മറ്റൊരു മകളേയും ഇന്ത്യയില്‍ ഉപേക്ഷിച്ചാണ് ജലന്ധറില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയത്. കുൽസൂം ജനിച്ചത് പാകിസ്താനിലാണ്. ഉപേക്ഷിച്ചുപോന്ന മക്കളെ കുറിച്ചോര്‍ത്ത് തന്റെ അമ്മ എപ്പോഴും കരയുമായിരുന്നെന്ന് കുല്‍സൂം ഓർക്കുന്നു. അച്ഛന്‍റെ സുഹൃത്ത് സർദാർ ദാരാ സിംഗ് ഏതാനും വർഷം മുമ്പ് പാകിസ്ഥാനിൽ വന്നപ്പോൾ അമര്‍ജിത്തിന്റേയും കുല്‍സൂമിന്റേയും അമ്മ അദ്ദേഹത്തോട് തന്റെ മക്കളെ കുറിച്ചും ജലന്ധറിലെ വീടിനേക്കുറിച്ചും വിവരം നല്‍കിയതാണ് കൂടിച്ചേരലിന് കാരണമായത്.

ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ സർദാർ ദാരാ സിംഗ് കുട്ടികളെക്കുറിച്ച് അന്വേഷിച്ചു. ജലന്ധറിലെ പദവാനിലെത്തിയ ദാരാ സിംഗ് അമർജിത്തിനെ കണ്ടെത്തുകയായിരുന്നു. എന്നാൽ അമർജിത്തിന്‍റെ സഹോദരി മരിച്ചിരുന്നു. ദാരാ സിംഗ് ഇക്കാര്യം അമർജിത്തിന്‍റെ അമ്മയെ അറിയിച്ചു. 1947 ൽ ഒരു സിഖ് കുടുംബമാണ് അമർജിത്തിനെ ദത്തെടുത്ത് അമർജിത് സിംഗ് എന്ന് പേരിട്ടത്. സഹോദരനെ കുറിച്ച് വിവരം ലഭിച്ച കുൽസൂം വാട്സ്ആപ്പ് വഴിയാണ് ഇയാളെ ബന്ധപ്പെട്ടത്. അങ്ങനെയാണ് അവർ പരസ്പരം കണ്ടുമുട്ടിയത്.