പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധന

കരാര്‍ ദിവസവേതന – അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് 6,130 രൂപയുടെ ശമ്പള വര്‍ധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വര്‍ധിക്കും.

സംസ്ഥാനത്തെ 1,200 പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് ആശ്വാസം ആകുന്നതാണ് തീരുമാനം. മറ്റ് കരാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഓണം ഉത്സവ ബത്ത തദ്ദേശ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് നഴ്സുമാര്‍ക്കും അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടും.

ഓരോ തദ്ദേശ സ്ഥാപനത്തിലും ശരാശരി 300 കിടപ്പുരോഗികൾ ഉണ്ടെന്നാണ് കണക്ക്. മാസത്തില്‍ ചുരുങ്ങിയത് 20 ദിവസമെങ്കിലും കിടപ്പുരോഗികള്‍ക്ക് സേവനം ലഭിക്കണമെന്നും വ്യവസ്ഥയുണ്ട്. മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശ പ്രകാരം വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ശമ്പള വര്‍ധന അംഗീകരിച്ചത്.