തോരണം കുരുങ്ങി യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ ഹാജരാകും

തൃശ്ശൂർ: തോരണത്തിൽ കുടുങ്ങി യാത്രികക്ക് പരിക്കേറ്റ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ സെക്രട്ടറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സെക്രട്ടറി റെഹീസ് കുമാർ സത്യവാങ്മൂലം നൽകും.

തോരണം കെട്ടിയ റോഡ് കോർപ്പറേഷന്റെതല്ലെന്നാണ് വാദം. അയ്യന്തോൾ/പുഴയ്ക്കൽ റോഡിൽ കെട്ടിയ തോരണം കുടുങ്ങിയാണ് യുവതി വീണതെന്നും റോഡ് പൊതുമരാമത്ത് വകുപ്പിന്‍റേതാണെന്നുമാണ് കോർപ്പറേഷൻ്റെ അവകാശവാദം. തോരണം കെട്ടാൻ കിസാൻ സഭയ്‌ക്ക് അനുമതി നൽകിയിരുന്നില്ല. ഫ്ലെക്സ് സ്ഥാപിക്കാൻ മാത്രമാണ് അനുമതി നൽകിയതെന്ന് കോടതിയിൽ വ്യക്തമാക്കും.

അപകടവുമായി ബന്ധപ്പെട്ട് നേരിട്ട് മൊഴി നൽകാൻ പരാതിക്കാരിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി കോടതിയെ അറിയിക്കും. അഭിഭാഷകയുടെ പരാതിയിൽ ആരാണ് കോടി കെട്ടിയതെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ വിശദീകരണത്തിനായി മൊഴി നൽകാനാണ് നോട്ടീസ് നൽകിയതെന്ന് കോർപ്പറേഷൻ സെക്രട്ടറി വിശദീകരിക്കും.