വിലക്കയറ്റത്തിൽ വലഞ്ഞ് ജനം തെരുവിലിറങ്ങി; യൂറോപ്പിലാകെ പ്രതിഷേധം കനക്കുന്നു
യൂറോപ്പ്: വിലക്കയറ്റം രൂക്ഷമായതോടെ യൂറോപ്പിൽ പ്രതിഷേധം കനക്കുന്നു. ദൈനംദിന ജീവിതം ദുസ്സഹമായതോടെ ആളുകൾ തെരുവിലിറങ്ങി. ഫ്രാൻസ്, റൊമാനിയ, ചെക്ക് റിപ്പബ്ലിക്ക്, ബ്രിട്ടൻ, ജർമ്മനി തുടങ്ങി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും പ്രതിഷേധം ഉയരുകയാണ്.
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് ഫ്രാൻസിലെ സമരം. ഊർജ്ജപ്രതിസന്ധി മറികടക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ചെക്ക് റിപ്പബ്ലിക്കിലെ ജനങ്ങൾ പരാതിപ്പെടുന്നത്. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ബ്രിട്ടനിലെ റെയിൽവേ ജീവനക്കാരും ജർമ്മനിയിലെ പൈലറ്റുമാരും പണിമുടക്കുകയാണ്.
ജീവിതച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സാമ്പത്തിക നയങ്ങൾ വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും കാരണമായതിനെ തുടർന്ന് ലിസ് ട്രസ് കഴിഞ്ഞയാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. നിലവിലെ സാഹചര്യത്തിൽ, യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികളുടെ ഹൃദയമിടിപ്പും വർദ്ധിച്ചിട്ടുണ്ട്.