ബംഗ്ലാദേശിൽ ദുരിതം വിതച്ച് സിട്രാങ്; 7 മരണം

ധാക്ക: ബംഗ്ലാദേശിൽ ദുരിതം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. തലസ്ഥാനമായ ധാക്ക, നാഗൽകോട്ട്, ചാർഫെസൻ, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. കോക്സ് ബസാർ തീരത്ത് നിന്ന് ആയിരക്കണക്കിനാളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതുവരെ 576 ക്യാമ്പുകളിലായി 28,000 പേരെ പ്രവേശിപ്പിച്ചു.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ 104 മെഡിക്കൽ ടീമുകൾ സജ്ജമാണെന്ന് കോക്സ് ബസാർ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. 323 ടൺ അരി, 1198 പാക്കറ്റ് ഡ്രൈ ഫുഡ്, 350 കാർട്ടൺ ഡ്രൈ കേക്കുകൾ, 400 കാർട്ടൺ ബിസ്കറ്റ് എന്നിവ സംഭരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളിലെ തീരദേശ ജില്ലകളായ സൗത്ത് 24 പർഗാനാസ്, പുർബ മേദിനിപുർ എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബംഗാൾ, അസം, മിസോറം, മണിപ്പൂർ, നാഗാലാൻഡ് എന്നിവിടങ്ങളിലും അതീവ ജാഗ്രതയാണ്.