നേരംകളയാൻ അച്ചാറിട്ടു; ഇന്ന് കടലും കടന്ന് പൊന്നു മാമിയുടെ രുചിപ്പെരുമ

പാലക്കാട്: പുതിയ കൽപ്പാത്തി അഗ്രഹാരവീഥിയിലെ ‘അച്ചാർ മാമി’യുടെ വീട് കണ്ടെത്താൻ അഡ്രസിന്റെ ആവശ്യമേയില്ല. വീട്ടുമുറ്റത്ത് എത്തുമ്പോൾ തന്നെ നല്ല കടുമാങ്ങാ അച്ചാർ മണമായിരിക്കും നമ്മെ വരവേൽക്കുന്നത്. ഒരു സാധാരണ വീട്ടമ്മയായ അലമേലു അമ്മാൾ ബോറടി മാറ്റാനായിരുന്നു അച്ചാറുകൾ ഉണ്ടാക്കിയിരുന്നത്. വിനോദത്തിനായി ആരംഭിച്ച അച്ചാർ പരീക്ഷണം വളരെ പെട്ടെന്നാണ് ജനങ്ങളുടെ നാവ് കീഴടക്കുന്നത്. അങ്ങനെയാണ് പരമ്പരാഗത രുചിക്ക് പേര് കേട്ട കൽപ്പാത്തി അഗ്രഹാരത്തിൽ നിന്ന് അലമേലു അമ്മാൾ എന്ന പൊന്നുമാമിയുടെ അച്ചാറിന്‍റെ രുചിയും കപ്പലേറുന്നത്.

പൊന്നുമാമിയുടെ മാങ്ങാ അച്ചാറിന്റെ രുചിയെപറ്റി കേട്ടറിഞ്ഞ് നിരവധിയാളുകളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് അച്ചാർ വാങ്ങാൻ ആഗ്രഹാരത്തിലെത്തുന്നത്. അവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളും അച്ചാർ വാങ്ങി മടങ്ങുന്നു. എട്ട് മുതൽ 10 പാക്കറ്റുകൾ വരെ ആവശ്യക്കാർക്ക് നൽകും. അച്ചാർ വിറ്റ് ലാഭമുണ്ടാക്കുകയെന്നതിനുപരി പൊന്നു മാമിയുടെ സ്നേഹവും നിറഞ്ഞതാണ് ഓരോ പാക്കറ്റും.

കഴിഞ്ഞ 35 വർഷമായി മാങ്ങ അച്ചാറുകൾ മാത്രം ഉണ്ടാക്കിയിരുന്ന പൊന്നുമാമി ഇപ്പോൾ കൽപ്പാത്തി തേര് അടുക്കുന്നതിനോടനുബന്ധിച്ച് നാരങ്ങ അച്ചാറുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്.

ഇതാദ്യമായാണ് നാരങ്ങ പരീക്ഷിക്കുന്നതെങ്കിലും ഇതുവരെ തയ്യാറാക്കിയതെല്ലാം വിറ്റുപോയെന്നും അവർ പറയുന്നു. ഇപ്പോൾ തയ്യാറാക്കുന്ന അച്ചാറുകൾ രഥമടുക്കുന്നതോടെ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.