സ്കൂൾ തിരഞ്ഞെടുപ്പിന് വോട്ടിങ് മെഷീൻ സ്വന്തമായി നിർമിച്ച് പ്ലസ് വൺ വിദ്യാർത്ഥി

കോഴിക്കോട്: കുറ്റിക്കാട്ടൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി നിർമ്മിച്ച വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. അബ്ദുൾ അമാൻ എന്ന വിദ്യാർത്ഥിയാണ് പോളിംഗും, വോട്ടെണ്ണലും അനായാസം പൂർത്തിയാക്കുന്ന
വോട്ടിംഗ് യന്ത്രം അവതരിപ്പിച്ചത്.

കൊമേഴ്സ് വിദ്യാർത്ഥിയായ അബ്ദുൾ അമന് ഇലക്ട്രോണിക്സ് മേഖലയിൽ അതീവ താല്പര്യവും, മികവുമുണ്ട്. സ്കൂൾ തിരഞ്ഞെടുപ്പടുത്തതോടെയാണ് വോട്ടിംഗ് യന്ത്രം നിർമിക്കാൻ തീരുമാനിക്കുന്നത്. രണ്ട് തവണത്തെ പരീക്ഷണം വിജയം കണ്ടതോടെ അധ്യാപകരെയും വിവരമറിയിച്ചു. അങ്ങനെയാണ് പേപ്പർ ബാലറ്റിന് പകരം അബ്ദുൾ അമൻ നിർമിച്ച വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് സ്കൂൾ ഇലക്ഷൻ നടന്നത്.

വിദ്യാർത്ഥിയുടെ മികവിലൂടെ, പോളിംഗും, വോട്ടെണ്ണലും വളരെ കൃത്യതയോടെ പൂർത്തിയായപ്പോൾ വലിയൊരു പ്രതിഭയെ ലഭിച്ചതോടൊപ്പം, സ്കൂളിന്റെ ചരിത്രത്തിൽ അതൊരു പൊൻതൂവലാവുകയും ചെയ്തു