ട്രെയിനിനു മുന്നിൽപ്പെട്ട വയോധികയുടെ ജീവൻ രക്ഷിച്ച് പ്ലസ്ടു വിദ്യാർഥിയുടെ ധീരത

ഓച്ചിറ: ട്രെയിനിനു മുന്നിൽപ്പെട്ട വയോധികയുടെ ജീവൻ രക്ഷിച്ച് പ്ലസ്ടു വിദ്യാർഥിയുടെ ധീരതയും സമയോചിതമായ ഇടപെടലും. തഴവ മഠത്തിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥി ആദർശ് ആനന്ദാണ്‌ ഓച്ചിറ സ്വദേശിനിയായ രത്നമ്മയെ രക്ഷപെടുത്തിയത്.

ചങ്ങൻകുളങ്ങര പോംസി റെയിൽവേ ക്രോസിലാണ് സംഭവം. സഹോദരിയുടെ പേരക്കുട്ടിയുടെ മരണമറിഞ്ഞ്‌ അവിടേക്ക് പോകുകയായിരുന്നു രത്നമ്മ. ശ്രദ്ധിക്കാതെ ഗേറ്റ് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു വശത്ത് നിന്ന് ശബരി എക്സ്പ്രസ് പാഞ്ഞെത്തി. ട്രെയിൻ 200 മീറ്റർ മാത്രം അകലെ എത്തിയപ്പോളും രത്നമ്മ ട്രാക്കിലായിരുന്നു.

ഈ സമയം സ്കൂളിലേക്കു പോകാനെത്തിയ സഹോദരങ്ങളായ ആദർശ് ആനന്ദും ആദിത്യ ആനന്ദും അപകടം കാണുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കെ ആദർശ് ട്രാക്കിലേക്കു ചാടി രത്നമ്മയെ പുറത്തേക്ക് തള്ളിമാറ്റിയതും ട്രെയിൻ കടന്നുപോയതും നിമിഷങ്ങൾക്കുള്ളിലാണ്. സംഭവം കണ്ടുനിന്നവരും ഞെട്ടി പോയി.

ശേഷം സ്കൂൾ അധികൃതരും സ്കൂളിൽ പ്രത്യേക അസംബ്ളി വിളിച്ചുചേർത്ത് ആദർശിനെ അനുമോദിച്ചു. പ്രിൻസിപ്പൽ ഷീജ പി.ജോർജ്, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി അനൂപ്, അധ്യാപകർ പ്രസംഗിച്ചു.

വവ്വാക്കാവ് കുറുങ്ങപ്പള്ളി ചിന്നമ്പിൽ വീട്ടിൽ അനന്തൻ പിള്ളയുടെയും രാജശ്രീയുടെയും മകനാണ് ആദർശ്.