ആംബുലന്‍സിന് വഴിനല്‍കി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം; വീഡിയോ വൈറൽ

അഹമ്മദാബാദ്: ആംബുലൻസ് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം റോഡരികിൽ അൽപ്പനേരം നിർത്തി. വെള്ളിയാഴ്ച ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രധാനമന്ത്രിയുടെ യാത്ര കുറച്ച് നേരത്തേക്ക് നിർത്തിയത്. ഗുജറാത്തിലെ ബി.ജെ.പിയുടെ മീഡിയ സെൽ പങ്കുവച്ച വീഡിയോയിൽ എസ്.യു.വികൾ റോഡിന്‍റെ ഇടതുവശത്തേക്ക് നീങ്ങുന്നതും ആംബുലൻസ് കടന്നുപോയ ശേഷം യാത്ര തുടരുന്നതും കാണാം.

അഹമ്മദാബാദിലെ ദൂരദർശൻ കേന്ദ്രത്തിന് സമീപമുള്ള പൊതുയോഗത്തിൽ പങ്കെടുത്ത ശേഷം ഗാന്ധിനഗറിലെ രാജ്ഭവനിലേക്ക് പോകുകയായിരുന്നു പ്രധാനമന്ത്രി. ആംബുലൻസിന് വഴിയൊരുക്കുന്നതിനായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുറച്ച് സമയത്തേക്ക് നിര്‍ത്തിയതായി ഗുജറാത്ത് ബി.ജെ.പി പ്രസ്താവനയിൽ പറഞ്ഞു.

ഗുജറാത്ത് സന്ദർശനത്തിന്‍റെ രണ്ടാം ദിവസമായ വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ഗാന്ധിനഗർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തത്. അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.