ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീണ പെണ്‍കുട്ടിക്ക് സഹായമേകി പൊലീസ്

തൃശൂര്‍: ബസ് സ്റ്റാൻഡിൽ കുഴഞ്ഞുവീണ പെൺകുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് പൊലീസ്. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽ നിന്ന ഒരു പെൺകുട്ടി കുഴഞ്ഞുവീണതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. എ.എസ്.ഐ പ്രേംജിത്ത്, സിവിൽ പൊലീസ് ഓഫീസർ ഷഫീഖ് എന്നിവർ ഉടൻ തന്നെ ബസ് സ്റ്റാൻഡിലെത്തി. പൊലീസ് എത്തുമ്പോഴും കുട്ടി അബോധാവസ്ഥയിലായിരുന്നു.

നിരവധി പേർ സമീപത്തുണ്ടായിരുന്നെങ്കിലും കുട്ടിയെ ആശുപത്രിയിലെത്തിക്കാനോ പ്രഥമ ശുശ്രൂഷ നൽകാനോ ആരും തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനിൽ നിന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ ചികിത്സയ്ക്കായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഴഞ്ഞുവീണതിനെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയുടെ ബന്ധുക്കളെ പൊലീസ് തന്നെ വിവരം അറിയിക്കുകയായിരുന്നു. 17 വയസ്സുള്ള കൃഷ്ണേന്ദുവാണ് കുഴഞ്ഞു വീണത്.

രക്ഷിതാക്കളെത്തുന്നത് വരെ പൊലീസ് കുട്ടിയോടൊപ്പം നിൽക്കുകയും ചെയ്തു. അതേസമയം,മിനിറ്റുകൾക്കുള്ളിൽ ഇൻസ്റ്റഗ്രാമിൽ വീഡിയോ ഷെയർ ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തിയ കൊച്ചി സൈബർ പൊലീസിന്‍റെ ഇടപെടലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. തിരുവനന്തപുരം കരമന സ്വദേശിനിക്കാണ് പൊലീസിന്‍റെ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചത്. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ മെറ്റയുടെ ശ്രദ്ധയിൽപ്പെട്ട ആത്മഹത്യാ ശ്രമം സൈബർ സെല്ലിനെ അറിയിക്കുകയായിരുന്നു.