1 ലക്ഷത്തിലധികം രൂപയടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെനല്‍കി പൊലീസുകാരന്‍

എറണാകുളം: നൈറ്റ് പട്രോളിംഗിനിടെ കണ്ടെത്തിയ പണം അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ നൽകി ഒരു പോലീസുകാരൻ. വ്യാഴാഴ്ച രാത്രി പട്രോളിംഗിനിടെ എറണാകുളം കുമ്പളങ്ങിയിലെ റോഡിൽ നിന്നാണ് പൊലീസ് ഡ്രൈവർ ഷാരോൺ പീറ്റർ ട്രോളി ബാഗ് കണ്ടെത്തിയത്. നമ്പർ ലോക്ക് ചെയ്ത നിലയിലായിരുന്നു ബാഗ് കണ്ടെത്തിയത്. പരാതിയുമായി ഉടമകൾ എത്തിയപ്പോൾ ബാഗ് തിരികെ നൽകാമെന്ന പ്രതീക്ഷയിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിക്കാർ എത്തിയില്ല. ഇതോടെയാണ് ബാഗ് തുറന്ന് പരിശോധിച്ചത്. 

ഉടമയുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ഇല്ലാത്ത ബാഗിൽ നിന്ന് 1,30,000 രൂപ കണ്ടെടുത്തു. കുമ്പളങ്ങിയിൽ ഡെന്‍റൽ ക്ലിനിക്ക് നടത്തുന്ന ഡോ.നിയാസിന്‍റേതാണ് ബാഗ് എന്ന് ലഭ്യമായ സൂചനകളിലൂടെ അറിഞ്ഞ ഷാരോൺ പീറ്റർ ഇയാളുമായി ബന്ധപ്പെടുകയും പണം കൈമാറുകയും ചെയ്തു. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്ന് പൊലീസുകാരന്‍ മാമ്പഴം മോഷണം നടത്തി, നടപടി നേരിടുമ്പോഴാണ് ഷാരോണിന്‍റെ മാതൃക.