കൃഷിയിലെ പുതുമാതൃകയിലൂടെ ജീവിത വിജയം നേടി പ്രേമവല്ലി

ആ​റാ​ട്ടു​പു​ഴ: കൃഷിയിലെ പുത്തൻ ആശയങ്ങളിലൂടെ പ്രായാധിക്യ ബുദ്ധിമുട്ടുകളും ജീവിതദുഃഖങ്ങളും അതിജീവിച്ച് മാതൃകയാവുകയാണ് പ്രേമവല്ലി. 71-ാം വയസ്സിലും തളരാതെയുള്ള അവരുടെ കാർഷിക ജീവിതം ഏവർക്കും പ്രചോദനമാണ്.

ആറാട്ടുപുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ മഹാദേവികാടിന് തെക്ക് ചൂളതെരുവ് എൻ.ടി.പി.സി പ്ലാന്റിന് സമീപം രാമമംഗലം വീട്ടിൽ പ്രേമവല്ലി തന്റെ 70 സെന്‍റ് സ്ഥലത്ത് കാർഷിക വസന്തം തീർക്കുകയാണെന്ന് പറയാം.

രണ്ട് പെൺമക്കളെ വിവാഹം കഴിച്ചയച്ചു. കെ.എസ്. ആർ.ടി. സി ഡ്രൈവറായിരുന്ന ഭർത്താവ് ജിനദേവന്‍റെ മരണശേഷം ഏകാന്തത ജീവിതത്തെ വേട്ടയാടാൻ തുടങ്ങിയപ്പോഴാണ് അവർ കൃഷിയെ സ്നേഹിച്ചു തുടങ്ങുന്നത്. ഭർത്താവിന്റെ പെൻഷൻ തുകയിലൂടെ അല്ലലില്ലാതെ ജീവിക്കാനാകുമെങ്കിലും മണ്ണിൽ വിയർപ്പൊഴുക്കി ജീവിക്കുന്നതിനോടാണ് അവർക്ക് പ്രിയം. പയർ, തക്കാളി, വെണ്ട, വാഴ, കാച്ചിൽ, മുളക് ചേമ്പ് തുടങ്ങിയ നാടൻ വിളകളാണ് ഈ അമ്മ തന്റെ കൃഷിയിടത്തിൽ വിളയിച്ചെടുത്തത്.

പശു, താറാവ് എന്നിവയെയും വളർത്തുന്നു. ഒരിഞ്ചു സ്ഥലം പോലും പാഴാക്കി കളയാതെ ഗ്രോ ബാഗിലും ചട്ടിയിലും പ്രേമവല്ലിയമ്മ കൃഷി ചെയ്യുന്നു. നിലമൊരുക്കുന്ന ജോലിക്ക് മാത്രമാണ് പുറത്ത് നിന്നുള്ള സഹായം തേടുന്നത്.കൃഷിയിടത്തിലെ മറ്റ് ജോലികളെല്ലാം അവർ ഒറ്റക്ക് നോക്കി നടത്തുന്നു. മികച്ച വിളവാണ് ഇത്തവണ ആനകൊമ്പ് വെണ്ടയിലൂടെയും പയറിലൂടെയും പ്രേമവല്ലിയമ്മക്ക് ലഭിച്ചത്