പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കും
ഉസ്ബെക്കിസ്ഥാൻ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ഉസ്ബെക്കിസ്ഥാനിലെ സമർക്കന്തിൽ ദ്വിദിന ഉച്ചകോടിക്ക് ഇന്നലെ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രി ഇറാൻ, ഉസ്ബെക്ക് പ്രസിഡന്‍റുമാരുമായും കൂടിക്കാഴ്ച നടത്തും.
വ്യാപാര, സാമ്പത്തിക, സാംസ്കാരിക വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. എസ്.സി.ഒയുടെ 22-ാമത് യോഗമാണിത്. സംഘടനയുടെ പ്രസിഡന്‍റായ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്‍റ് ഷവ്കത്ത് മിർസിയോയേവിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഏഷ്യ-പസഫിക് മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യയുമായി ചർച്ച ചെയ്യുമെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെട്ടതായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ സഹായി യൂറി ഉഷാക്കോവ് വിലയിരുത്തിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ റഷ്യയുടെ വിറ്റുവരവിൽ 120 ശതമാനം വർദ്ധനവുണ്ടായെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ, കൽക്കരി, രാസവളങ്ങൾ എന്നിവയുടെ ഇറക്കുമതി ഗണ്യമായി വർദ്ധിച്ചു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.