ഭീകരര്‍ ആയുധം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു; ഗുലാം നബി ആസാദിന് വധഭീഷണി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഭീകരര്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങണമെന്ന് പറഞ്ഞ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് വധഭീഷണി. പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പ് നിരവധി പൊതുയോഗങ്ങൾ സംഘടിപ്പിച്ച ഗുലാം നബി ആസാദ്, തീവ്രവാദം കശ്മീരിലെ ജനങ്ങൾക്ക് നാശവും ദുരിതവും മാത്രമേ കൊണ്ടുവരൂവെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആസാദിനെതിരെ ഭീകരസംഘടന വധഭീഷണി മുഴക്കിയത്.

ആസാദ് രാജ്യദ്രോഹിയാണെന്നും ബി.ജെ.പിയുടെ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഭീകരസംഘടനയുടെ വധഭീഷണി ശ്രദ്ധയിൽപ്പെട്ടെന്നും സമാധാനത്തിന്‍റെ പാതയിൽ തുടരുമെന്നും ആസാദ് പറഞ്ഞു.

ശക്തമായ ഭീകരാക്രമണങ്ങൾ നടക്കുന്ന ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്. തോക്ക് സംസ്കാരം കശ്മീരിലെ നിരവധി തലമുറകളെ നശിപ്പിച്ചുവെന്ന് ആസാദ് പറഞ്ഞു. കശ്മീർ താഴ്‌വരയില്‍ കൂടുതൽ യുവാക്കൾ മരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

തോക്കെടുത്തവരോടുള്ള എന്‍റെ അഭ്യർത്ഥനയാണിത്. നിങ്ങളുടെ കൈവശമുള്ള തോക്കുകൾ ഒരു തരത്തിലും പരിഹാരമല്ല. തോക്കിന് നാശവും ദുരിതവും മാത്രമേ കൊണ്ടുവരാൻ കഴിയൂ. കൂടുതൽ ചെറുപ്പക്കാരുടെ ശവശരീരങ്ങൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭീകരവാദം കൊണ്ട് സ്വയം നശിപ്പിക്കപ്പെട്ട ഒരു രാജ്യം നമ്മുടെ രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ മാസം കോൺഗ്രസിൽ നിന്ന് രാജിവെച്ച ആസാദിന്‍റെ പുതിയ പാർട്ടിക്ക് ജനങ്ങളിൽ നിന്ന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.