തടവുകാർ രക്ഷപ്പെടാൻ സാധ്യത ഏറുന്നു; പൂജപ്പുര ജയിലിൽ പുതിയ കെട്ടിടം വരുന്നു
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ ഒരു പുതിയ കെട്ടിടം വരുന്നു. തടവുകാരുടെ സുരക്ഷയും സന്ദർശകരുടെ സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. നിലവിലെ ഓഫിസ് ബ്ലോക്കിനു മുൻപിലായി പുതിയ കെട്ടിടം നിർമിക്കാനുള്ള ശുപാർശ ജയിൽ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനു നിർമാണ ചുമതല നൽകാനാണ് തീരുമാനം.
1986ലാണ് പൂജപ്പുര സെൻട്രൽ ജയിൽ കെട്ടിടം നിർമ്മിച്ചത്. ജയിലിന്‍റെ വലിയ സുരക്ഷാഭിത്തിക്ക് പുറത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പരോളിനും മറ്റ് ആവശ്യങ്ങൾക്കുമായി ജയിലിൽ നിന്ന് പ്രധാന ഗേറ്റിലൂടെ പുറത്തെത്തി ഓഫീസ് ബ്ലോക്കിലേക്ക് കൊണ്ടുപോകുമ്പോൾ തടവുകാർ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ഒരു തടവുകാരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ, അയാൾ ഒരു മരത്തിൽ കയറുകയും വളരെ പ്രയാസപ്പെട്ട് താഴേക്ക് കൊണ്ടുവരികയുമാണ് ചെയ്തത്.
സെൻട്രൽ ജയിലിൽ ജീവനക്കാരുടെ കുറവായതിനാൽ തടവുകാരെ ജയിലിൽ നിന്ന് കൂട്ടത്തോടെ പുറത്തെത്തിച്ച് ഓഫീസ് ബ്ലോക്കിലേക്ക് കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥർക്ക് തലവേദനയാണ്. ഇതൊഴിവാക്കാനാണ് പുതിയ കെട്ടിടം പണിയുന്നത്. നിലവിലുള്ള ഓഫീസ് ബ്ലോക്കിൻ മുന്നിൽ പുതിയ കെട്ടിടം വരുന്നതോടെ ജയിലിന്‍റെ പ്രധാന കവാടം ഈ കെട്ടിടത്തിനുള്ളിലായിരിക്കും. ഇതോടെ തടവുകാരെ സുരക്ഷിതമായി ഓഫീസിലേക്ക് കൊണ്ടുപോയി സെല്ലിലേക്ക് മാറ്റാനാകും. പുറത്തുനിന്നുള്ള സന്ദർശകരെയും നിയന്ത്രിത മേഖലയിൽ നിർത്താം.