സ്വിമ്മിംഗ് പൂളിനരികിൽ പെരുമ്പാമ്പ് ആക്രമണം; കുട്ടിയെ രക്ഷിച്ച് അച്ഛനും മുത്തച്ഛനും
ഓസ്ട്രേലിയയിൽ അഞ്ച് വയസുകാരനെ പെരുമ്പാമ്പ് ആക്രമിച്ചു. വീടിനോട് ചേർന്ന നീന്തൽക്കുളത്തിന്റെ തീരത്താണ് ആക്രമണം നടന്നത്. അഞ്ചുവയസുകാരനെ കടിച്ചെടുത്ത് നീങ്ങിയ പെരുമ്പാമ്പ് നീന്തൽക്കുളത്തിലേക്ക് വീണിട്ടും കുട്ടിയെ വിട്ടിരുന്നില്ല.അച്ഛനും,മുത്തച്ഛനും ചേർന്നാണ് കൃത്യസമയത്ത് കുട്ടിയെ രക്ഷപെടുത്തിയത്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബൈറോൺ ബേ പ്രദേശത്തെ വീട്ടിലെ കുളത്തിനരികിലൂടെ നടക്കുന്നതിനിടെയാണ് അഞ്ച് വയസുകാരൻ ബ്യൂ ബ്ലേക്കിനെ പെരുമ്പാമ്പ് ആക്രമിച്ചത്. അച്ഛനും മുത്തച്ഛനും ആ സമയം ബ്ലേക്കിന്റെ കൂടെതന്നെ ഉണ്ടായിരുന്നു.കുട്ടിയുമായി പാമ്പ് വെള്ളത്തിലേക്ക് ചാടുന്നത് കണ്ട മുത്തച്ഛൻ ഉടനെ തന്നെ വെള്ളത്തിലേക്ക് ചാടുകയും, കുട്ടിയെയും,പാമ്പിനെയും ഒരുമിച്ച് കരയിലേക്കിടുകയും ചെയ്തു.
പാമ്പിൻ ഏകദേശം മൂന്ന് മീറ്ററോളം നീളമുണ്ടായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പിന്നീട് വ്യക്തമാക്കി. അതായത്,കുട്ടിയുടെ രണ്ടിരട്ടി വലുപ്പം.കരയിലെത്തിയിട്ടും കുട്ടിയുടെ കാലിൽ നിന്ന് പാമ്പ് വിട്ടിരുന്നില്ല. ഉടൻ തന്നെ ബ്ലേക്കിന്റെ അച്ഛനാണ് പാമ്പിനെ വിടുവിച്ച് വലിച്ചെറിഞ്ഞത്.