8 വിസിമാരുടെ മുഴുവൻ ശമ്പളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവൻ

തിരുവനന്തപുരം: എട്ട് വൈസ് ചാൻസലർമാരുടെ ശമ്പളം തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച് രാജ്ഭവൻ നിയമോപദേശം തേടി. നിയമനം നടത്തിയ ശേഷം ഇതുവരെ ലഭ്യമായ ശമ്പളം തിരിച്ചെടുക്കാനാണ് ആലോചന. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് തിരിച്ചെത്തിയാൽ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് വിവരം.

യു.ജി.സി ചട്ടങ്ങൾ ലംഘിച്ച് നിയമിക്കപ്പെട്ട വൈസ് ചാൻസലർമാരെ സർവീസിൽ നിന്ന് പിരിച്ചുവിടാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് കാണിച്ച് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇവരുടെ ശമ്പളം തിരിച്ചുപിടിക്കുന്നത് നിയമപരമാണോയെന്നും കോടതി വിധി എത്രത്തോളം പ്രധാനമാണെന്നും ഗവർണർ ഇപ്പോൾ നിയമോപദേശം തേടിയിട്ടുണ്ട്.

അനധികൃതമായി തസ്തികയിലേക്കു വന്നവരുടെ ശമ്പളം തിരിച്ചെടുക്കണമെന്നായിരുന്നു നേരത്തെ ഗവർണറുടെ നിലപാട്. ഈ അഭിപ്രായത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വിശദമായ നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോൾ.