വരുമാനം ഉയര്‍ന്നിട്ടും ഫ്ലിപ്കാര്‍ട്ട് നഷ്ടത്തിൽ; നഷ്ടം 3413 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് 2021-22 സാമ്പത്തിക വർഷത്തിൽ 3413 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ നഷ്ടം മുൻ വർഷത്തേക്കാൾ 967.4 കോടി രൂപ വർദ്ധിച്ചു. 2020-21 ൽ വാൾമാർട്ട് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിന് 2445.6 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) ഫ്ലിപ്കാർട്ടിന്‍റെ അറ്റനഷ്ടം 3,404.3 കോടി രൂപയായിരുന്നു. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 18 ശതമാനം ഉയർന്ന് 51175.7 കോടി രൂപയായി. കഴിഞ്ഞ വർഷം ഫ്ലിപ്കാർട്ടിന്‍റെ വരുമാനം 43349.1 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം ചെലവ് 54,580 കോടി രൂപയാണ്. ഈ കാലയളവിൽ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ വർദ്ധിച്ചു. ശമ്പളത്തിനുള്ള ചെലവ് 385 കോടി രൂപയിൽ നിന്ന് 627 കോടി രൂപയായി ഉയർന്നു.

2021-22 സാമ്പത്തിക വർഷത്തിൽ, ഫ്ലിപ്കാർട്ട് ചിൽഡ്രനൈറ്റ് പ്രൈവറ്റ്, 63 ഐഡിയസ് ഇൻഫോലാബ്സ് (നിൻജകാർട്ട്) എന്നിവയിൽ നിക്ഷേപം നടത്തിയിരുന്നു. ഫ്ലിപ്കാർട്ടിന്‍റെ തന്നെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ മിന്ത്രയും നഷ്ടം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം 597 കോടി രൂപയുടെ നഷ്ടമാണ് മിന്ത്ര രേഖപ്പെടുത്തിയത്. അതേസമയം, വരുമാനം 45 ശതമാനം ഉയർന്ന് 3501 കോടി രൂപയായി.