പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരം; ശ്രീനാഥ് സന്തോഷ് ട്രോഫി ക്യാമ്പില്‍ 

കല്പറ്റ: പരിമിതമായ സാഹചര്യങ്ങൾക്കിടയിലും മണിയങ്കോട് മാനിവയല്‍ പണിയ കോളനിയിലെ എം. ശ്രീനാഥ് പന്തുതട്ടി പറന്നുയരുകയാണ്. വയലുകളിലും മൈതാനങ്ങളിലും ഫുട്ബോൾ കളിച്ച് വളർന്ന ശ്രീനാഥ് ഇനി സന്തോഷ് ട്രോഫി ക്യാമ്പിലേക്ക്. തിങ്കളാഴ്ചയാണ് ശ്രീനാഥിനെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. താൻ ഇതുവരെ നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് ശ്രീനാഥ് പറഞ്ഞു.

ശ്രീനാഥ് വളരെ ചെറുപ്പം മുതലേ ഫുട്‌ബോളിന് പുറകെയാണ്. തന്‍റെ വീടിനോട് ചേർന്നുള്ള മുണ്ടേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിച്ചാണ് അദ്ദേഹം തുടങ്ങിയത്. വയനാട് ജില്ലാ ടീം അംഗമായ മുണ്ടേരി സ്വദേശി റഫീഖിന്‍റെ കീഴിൽ പരിശീലനം നേടിയ ശേഷമാണ് താൻ ഫുട്ബോളിനെ ഗൗരവമായി കാണുന്നതെന്ന് ശ്രീനാഥ് പറഞ്ഞു. തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനം ശ്രീനാഥിനെ വയനാട് യുണൈറ്റഡ് എഫ്.സി. പിണങ്ങോട് ക്ലബ്ബില്‍ എത്തിച്ചു. അങ്ങനെ ശ്രീനാഥിന് കേരള പ്രീമിയർ ലീഗിൽ കളിക്കാനുള്ള അവസരവും ലഭിച്ചു.

നിലവില്‍ യുണൈറ്റഡ് എഫ്.സി. പിണങ്ങോടിന്റെ സീനിയര്‍ ടീം അംഗമാണ്. തന്‍റെ വിശ്രമമില്ലാത്ത പരിശീലനമാണ് സന്തോഷ് ട്രോഫി ക്യാമ്പിലെത്താൻ തന്നെ സഹായിച്ചതെന്ന് ശ്രീനാഥ് പറഞ്ഞു. യുണൈറ്റഡ് എഫ്.സി.പിണങ്ങോടിന്‍റെ പരിശീലകരായ സനുഷ് രാജ്, ഡെയ്സൺ ചെറിയാൻ എന്നിവരുടെ കീഴിലാണ് പരിശീലനം. കേരളത്തിനായി കളിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഒരു തുടക്കമായി കാണാൻ ശ്രമിക്കുമെന്നും ശ്രീനാഥ് പറഞ്ഞു.