കുളത്തിൽ വീണ നാലരവയസ്സുകാരന്റെ ജീവൻ രക്ഷിച്ച് റിട്ടയേർഡ് നഴ്സ്

Palakkadu: കുളത്തിൽ വീണ് ശ്വാസം നിലച്ച നാലര വയസ്സുകാരന് പുതുജീവൻ നൽകി റിട്ടയേർഡ് നഴ്‌സ് കമലം. മുത്തശ്ശി ശാരദക്കൊപ്പം പെരുങ്കുളം ശിവക്ഷേത്രദർശനത്തിനെത്തിയ കൃഷ്ണ എന്ന കുട്ടിയാണ്‌ സമീപമുള്ള കുളത്തിൽ വീണത്.

ക്ഷേത്ര ദർശനത്തിനു ശേഷം മുത്തശ്ശിയുടെ കൈ വിടുവിച്ച് ഓടിയ കുട്ടി സമീപമുള്ള അയ്യപ്പക്ഷേത്രത്തിലേക്ക് പോയെന്ന് കരുതി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.പിന്നീട് വിവരമറിഞ്ഞെത്തിയ മാതാവ് മാളവികയാണ് കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്തത്.ശ്വാസവും അനക്കവുമില്ലാതിരുന്ന കുട്ടിയുടെ ദേഹത്ത് നീലനിറം പടർന്നിരുന്നതും ആശങ്കപ്പെടുത്തിയിരുന്നു.

കൃത്യസമയത്ത് അവിടേക്കെത്തിയ ആലത്തൂർ താലൂക്കാശുപത്രിയിൽ നിന്നും വിരമിച്ച നഴ്സ് കമലം തന്റെ പ്രവർത്തിപരിചയത്തിലൂടെ കുട്ടിക്ക് മൂന്ന് തവണ കൃത്രിമശ്വാസം നൽകുകയും ഹൃദയമിടിപ്പുയർത്താൻ നെഞ്ചിൽ അമർത്തുകയും ചെയ്തു.കണ്ണ് തുറന്ന കുട്ടിയെ ഉടനടി ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി കുട്ടിയെ അപകടനില തരണം ചെയ്യാൻ സഹായിച്ച കമലം അമ്മയെ പെരുങ്കുളം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്‌ പി.രാമചന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ ആദരിച്ചു. പെരുങ്കുളം അയ്യപ്പൻ കോവിലിന് സമീപമാണ് കമലത്തിന്റെ താമസം