മുടി നീട്ടിവളർത്തിയവനെന്ന് പരിഹസിച്ചു; പിന്നീട് നന്മ തിരിച്ചറിഞ്ഞ് നിറഞ്ഞ കയ്യടി

നെടുങ്കണ്ടം: മുടിനീട്ടി വളർത്തുന്നത് ചെത്തി നടക്കാനാണെന്നാണ് ഒട്ടുമിക്ക ആളുകളുടെയും ധാരണ. എന്നാൽ ഈ കാഴ്ചപ്പാടിനെ മാറ്റിമറിച്ചിരിക്കുകയാണ് നെടുങ്കണ്ടം യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജഗൻ പി ഹരികുമാർ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കാൻസർ രോഗികളെക്കുറിച്ചുള്ള ഒരു വാർത്ത ജഗൻ കാണുന്നത്. കാൻസർ ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമെന്നും മുടി നീട്ടി വളർത്തി രോഗികൾക്ക് ദാനം ചെയ്യാമെന്നും ജഗൻ മനസ്സിലാക്കി.

മുടി നീട്ടി വളർത്താൻ മാതാപിതാക്കൾ ജഗന് പൂർണ്ണ പിന്തുണ നൽകി. അധ്യാപകരോട് അനുവാദം വാങ്ങുകയും ചെയ്തു. കുട്ടിയുടെ നല്ല മനസ്സ് തിരിച്ചറിഞ്ഞ അധ്യാപകരും ജഗനെ പ്രോത്സാഹിപ്പിച്ചു. 10 മാസത്തോളം നീട്ടി വളർത്തിയ ശേഷം രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ജഗൻ മുടി മുറിച്ചു നൽകിയത്.