സിയയുടെ ചികിത്സയ്ക്കായി വേണം 18 കോടി; കൈകോർത്ത് നാട്

വടകര: ക്രാഷ് മുക്ക് യുവജന കലാസാംസ്കാരിക സമിതി പാട്ടുപാടി സമാഹരിച്ചത് രണ്ടു ലക്ഷം രൂപ, 22 ലക്ഷം പിരിച്ച് ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത്, ടാബ് വാങ്ങാൻ സ്വരുക്കൂട്ടിയ 5520 രൂപ നൽകി മുഹമ്മദ് മിൻഹാൽ.
എസ്.എം.എ. രോഗം ബാധിച്ച സിയ ഫാത്തിമ എന്ന കൊച്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഒരേ മനസ്സോടെ ഒന്നിച്ച് നാട്. ചികിത്സയ്ക്കായി 18 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ക്രാഷ് മുക്ക് യുവജന കലാസാംസ്കാരികവേദി കോഴിക്കോട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഗീതപരിപാടി അവതരിപ്പിച്ച് സമാഹരിച്ചത് 1,90,409 രൂപയാണ്. ഗൂഗിൾ പേ വഴി 13,000 രൂപയിലധികം ചികിത്സാ സമിതിക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ചന്ദ്രശേഖരൻ, കമ്മിറ്റി ജനറൽ കൺവീനർ കെ.പി. അസീസ് എന്നിവർ തുക ഏറ്റുവാങ്ങി.

ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് ആദ്യഘട്ടത്തിൽ സ്വരൂപിച്ച 22,03,500 രൂപ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് കമ്മിറ്റി കൺവീനർ കെ.പി. അബ്ദുൽ അസീസിന് കൈമാറി. റഹീസ നൗഷാദ്, യു.എം.സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.