ടിക്കറ്റ് കീറി ഒറ്റദിവസംകൊണ്ട് പിരിച്ചെടുത്തത് 18000 രൂപ: റെക്കോർഡ് നേട്ടവുമായി സുമംഗലി

മണ്ണഞ്ചേരി: ഡബിൾ ബെൽ അടിക്കാൻ മാത്രമല്ല, എത്ര തിരക്കാണെങ്കിലും യാത്രക്കാരന് ടിക്കറ്റ് നൽകി കൃത്യമായി പണം വാങ്ങുന്നതിലും സുമംഗലി മിടുക്കിയാണ്. കൂടുതൽ യാത്രക്കാരെ ബസിൽ കയറ്റാനുള്ള വിദ്യയും സുമംഗലിക്കറിയാം.ഇതിനുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ഓണത്തിന് ശേഷം വന്ന പ്രവൃത്തി ദിനത്തിൽ റെക്കോർഡ് കളക്ഷൻ നേടുന്നവരെ കണ്ടെത്താൻ കെ.എസ്.ആർ.ടി.സി. മാനേജ്മെന്‍റ് തീരുമാനിച്ചതോടെയാണ് എന്നാൽ പിന്നെ ഒരു കൈ നോക്കാമെന്ന് സുമംഗലിയും, ഡ്രൈവർ രാജേഷും തീരുമാനിക്കുന്നത്.

ആലപ്പുഴ-വൈക്കം റൂട്ടിൽ രണ്ട് സർവീസുകളും ആലപ്പുഴ-മങ്കൊമ്പ് റൂട്ടിൽ ഒരു സർവീസും നടത്തിയതിൽ നിന്ന് 18,000 രൂപയാണ് അവർ യാത്രക്കാരിൽ നിന്ന് പിരിച്ചെടുത്തത്. ഇത്രയും വലിയ തുക സമാഹരിക്കുന്ന സംസ്ഥാനത്തെ ഏക വനിതാ കണ്ടക്ടറെന്ന നേട്ടവും സുമംഗലി സ്വന്തമാക്കി. സംസ്ഥാന, ജില്ലാ തലങ്ങളിൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.