നഷ്ടപ്പെട്ട 50000 രൂപ തിരികെ ലഭിച്ചു;തമിഴ്നാട് സ്വദേശിനിക്ക് സഹായമായത് കേരള പൊലീസ്
കോഴിക്കോട്: മകളുടെ വിവാഹത്തിനായി സമാഹരിച്ച അൻപതിനായിരം രൂപ തിരികെ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് തമിഴ്നാട് സ്വദേശിയായ മുത്താഭരണം. താമസസ്ഥലത്ത് പണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി രൂപ അരയിൽ കെട്ടിവച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്.
പൂവാട്ടുപറമ്പിലെ പെരുമൺപുരയിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ദിവസം ജോലിക്കായി കുറ്റിക്കാട്ടൂരിലേക്ക് പോയപ്പോൾ അരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെടുകയായിരുന്ന. ആക്രി പെറുക്കി വിറ്റാണ് മുത്താഭരണം ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. പണം നഷ്ടപ്പെട്ട ഉടനേ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ പണം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിച്ച ഉദ്യോഗസ്ഥർ ആത് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാണ് പണം മോഷ്ടിച്ച വ്യക്തിയെ കണ്ടെത്തിയത്. ആനക്കുഴിക്കര സ്വദേശിയായ ഇയാളെ വൈകുന്നേരത്തോടെ തന്നെ സ്റ്റേഷനിലെത്തിച്ച് പണം തിരികെ നൽകി. വളരെ കഷ്പ്പെട്ട് സ്വരൂപിച്ച പണം തിരികെ ലഭിക്കാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് മുത്താഭരണം നന്ദി അറിയിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പൊലീസ് ഉദ്യോഗസ്ഥരായ എം. സുരേഷ്, മുഹമ്മദ് ഹനീഫ, സാദിഖ് അലി എന്നിവരായിരുന്നു അന്വേഷണത്തിൽ പ്രധാന പങ്ക് വഹിച്ചത്.