കുടുംബം നോക്കാൻ റബ്ബർ വെട്ടും, കന്നുകാലി വളർത്തലും; എട്ടാം ക്ലാസുകാരന്റെ അധ്വാനം
പത്തനംതിട്ട: കുടുംബത്തിന്‍റെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ തന്നാലാവുന്നതുപോലെ അധ്വാനിക്കുകയാണ് പത്തനംതിട്ട കലഞ്ഞൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി. രോഗിയായ അമ്മയെ പരിപാലിക്കുന്നതിനായി കൂടൽ സ്വദേശി അജു റബ്ബർ വെട്ടിലൂടെയും പശു വളർത്തലിലൂടെയും സ്വരൂപിക്കുന്ന പണം ഇന്നീ നിർധന കുടുംബത്തിന് വലിയ ആശ്വാസമാണ്.
രാവിലെ 5.30ന് അജു തന്റെ ജോലി ആരംഭിക്കും. എഴുന്നേറ്റാലുടൻ, ഹെഡ്ലൈറ്റും കത്തിയുമായി റബ്ബർ തോട്ടത്തിലെത്തും. കാട്ടുപന്നികളടക്കമുള്ള വന്യമൃഗങ്ങൾ നിറഞ്ഞ പ്രദേശത്ത് ഇരുട്ടിൽ റബ്ബർ വെട്ടി തുടങ്ങും. ഷീറ്റടിച്ച് കടയിലെത്തിക്കുന്ന ജോലി വരെ ഒറ്റക്ക് തന്നെ. റബ്ബറിന്റെ ജോലികൾ പൂർത്തിയായാൽ നേരെ പോകുന്നത് ആടുകളെ നോക്കാൻ.
മുയലിനെയും, പോത്തിനെയും വളർത്തുന്ന അജുവിന്റെ വീട്ടിൽ നിറയെ കോഴികളുമുണ്ട്. വലിയൊരു കോഴി ഫാം തുടങ്ങുകയെന്നതും ഈ മിടുക്കന്റെ മനസ്സിലുണ്ട്. കളിച്ച് നടക്കേണ്ട പ്രായത്തിൽ ജീവിതത്തിലെ ബുദ്ധിമുട്ടുകളോട് പോരാടുകയാണ് അജു. ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം അമ്മയുടെ ചികിത്സക്കായി ചിലവാക്കുന്നു. അജുവിന്റെ അച്ഛൻ വിദേശത്ത് തയ്യൽ തൊഴിലാളിയാണ്.