ശബരിമല; തീർത്ഥാടകരുടെ എണ്ണം കൂടുന്നു, പൊലീസ് നിയന്ത്രണം പാളുന്നു

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ പാളുന്നു. തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ആറോ ഏഴോ മണിക്കൂർ കാത്തുനിന്നിട്ടും സന്നിധാനത്ത് എത്താൻ കഴിയാത്തത് ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലെ അശാസ്ത്രീയത മൂലമാണെന്നാണ് പരാതി.

ശനിയാഴ്ച ഒരു ലക്ഷത്തോളം തീർത്ഥാടകർ എത്തിയതോടെ നടപ്പന്തലിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്നിട്ടും ക്യൂ അധികം നീങ്ങിയില്ല. ഇതേതുടർന്ന് ഭക്തരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ ബാരിക്കേഡ് മറികടക്കാനും ഭക്തർ ശ്രമം നടത്തി. കഴിഞ്ഞ ദിവസം മരക്കൂട്ടത്തും സമാനമായ തർക്കം നടന്നിരുന്നു. മരക്കൂട്ടം ശരംകുത്തി പാതയിൽ ക്യൂവിൽ നിൽക്കുന്നവർക്ക് വെള്ളം പോലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.

സന്നിധാനത്ത് ഏർപ്പെടുത്തിയ ക്രമീകരണങ്ങളിലും ഈ ആശയക്കുഴപ്പം പ്രകടമാണ്. പുല്ലുമേട് വഴി എത്തിയ തീർത്ഥാടകരും കുടുങ്ങി. പതിനെട്ടാം പടിക്ക് താഴെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹരിവരാസന സമയത്ത് സിവിൽ ദർശനം അനുവദനീയമാണ്. ഇതോടെ പതിനെട്ടാം പടി കയറി എത്തുന്നവർക്ക് ദർശനം ലഭിക്കാതെ രാത്രി സന്നിധാനത്ത് തങ്ങേണ്ടിവരുന്ന സാഹചര്യമാണ്. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ തിരക്ക് നിയന്ത്രിക്കുന്നതുൾപ്പെടെ പുതിയ നിർദേശങ്ങൾ ഉണ്ടാകുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.