ഫിഫ ലോകകപ്പ്; ഇംഗ്ലണ്ടിനെ മടക്കി ഫ്രാൻസ്, ഇനി സെമിയിൽ

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറി ഫ്രാൻസ്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് തോൽപ്പിച്ച ഫ്രാൻസ് അവസാന നാലിൽ ഇടം നേടി. നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസ് സെമിയിൽ മൊറോക്കോയെ നേരിടും.

ആവേശകരമായ മത്സരത്തിൽ ഫ്രാൻസ് ആദ്യം ലീഡ് നേടി. 17-ാം മിനിറ്റിൽ ഔറേലിൻ ചുവമേനിയാണ് ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതിലുള്ള പകപ്പ് ഉടൻ മറികടന്ന ഇംഗ്ലണ്ട് ഫ്രഞ്ച് ഗോൾ മുഖത്തേക്ക് ആക്രമിക്കുന്നത് തുടർന്നു.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ ഇംഗ്ലണ്ട് ഒപ്പം എത്തി. നേരത്തെ ഗോൾ നേടിയ ചുവമേനി ഇത്തവണ ഫ്രാൻസിന്‍റെ വില്ലനായി. ചുവമേനിയുടെ ഫൗളിൽ നിന്നുള്ള ഒരു പെനാൽറ്റി കിക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ വലയിലേക്ക് നയിച്ചു. സ്കോർ തുല്യമായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് തോന്നിയ സമയത്താണ് 78-ാം മിനിറ്റിൽ ഫ്രാൻസിന്‍റെ വിജയഗോൾ പിറന്നത്. ഒരു ഹെഡറിലൂടെ ഒളിവർ ജിറൂഡാണ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. മത്സരത്തിലെ ആദ്യ ഗോളിന് വഴിയൊരുക്കിയ അന്‍റോയിൻ ഗ്രീസ്മാനാണ് ഇത്തവണയും അസിസ്റ്റ് നൽകിയത്.