സമീറ ടീച്ചർക്കായി പ്രാർത്ഥിക്കണം; വീൽചെയറിൽ ശബരിമലയിലേക്ക് കണ്ണന്റെ യാത്ര

മലപ്പുറം : ചക്രകസേരയിലിരുന്ന് കണ്ണൻ ശബരിമലയിലേക്കുള്ള യാത്രയിലാണ്. ജീവിതത്തിലേക്ക് ദേവദൂതയെപോലെ എത്തി, തനിക്ക് വീട് വച്ചു നൽകിയ സമീറ ടീച്ചർക്കായി അയ്യപ്പനോട് പ്രാർത്ഥിക്കാനാണ് കണ്ണന്റെ യാത്ര. വളരെ വർഷങ്ങൾക്ക് മുൻപാണ് തമിഴ്നാട് മുത്തുപേട്ട സ്വദേശിയായ കണ്ണൻ മലപ്പുറം കൊണ്ടോട്ടിയിലെത്തിയത്.

ലോറിയിൽ നിന്നും ലോഡ് ഇറക്കുന്ന ജോലി ചെയ്യുന്നതിനിടയിൽ അപകടത്തിൽപെട്ട് ഇടതുകാൽ നഷ്ടമാവുകയും വലതുകാലിന്റെ സ്വാധീനം കുറയുകയും ചെയ്തു. പിന്നീട് ലോട്ടറി വിറ്റ്, ഭാര്യയുടെയും നാല് മക്കളുടെയുമൊപ്പം തടപ്പറമ്പിലെ ഒരു ഷെഡ്ഡിലാണ് കണ്ണൻ കഴിഞ്ഞിരുന്നത്. കണ്ണന്റെയും, കുടുംബത്തിന്റെയും അവസ്ഥ അറിഞ്ഞ് കൊണ്ടോട്ടി ഗവ.കോളേജ് അധ്യാപികയായ എം.പി സമീറ സഹായവുമായെത്തുകയായിരുന്നു. എൻ.എസ്.എസ് വോളന്റിയർമാരായ വിദ്യാർത്ഥികളും ചേർന്ന് 8 ലക്ഷം രൂപ സമാഹരിച്ച് കണ്ണന് വീടും, വീൽചെയറും സമ്മാനിച്ചു.

അന്ന് മുതലുള്ള ആഗ്രഹമാണ് ഈ യാത്ര. കൊണ്ടോട്ടിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് യാത്ര ആരംഭിച്ചത്. തേഞ്ഞിപ്പാലം, എടപ്പാൾ, കൊടക്കൽ, തൃശൂർ വഴി സന്നിധാനത്ത് എത്താനാണ് തീരുമാനം. യാത്രയിൽ ഒരു കൂട്ടം ചെറുപ്പക്കാർ കിലോമീറ്ററോളം വീൽ ചെയർ തള്ളി സഹായിച്ചു. നിരവധിയാളുകൾ ഭക്ഷണവും മറ്റും നൽകി വഴിയിൽ സഹായമാവുന്നുണ്ടെന്നും കണ്ണൻ പറഞ്ഞു.