പ്രവാസിയുടെ വിവാഹ ചിലവുകൾ ഏറ്റെടുത്ത് നടത്തി സൗദി സ്‌പോണ്‍സര്‍

റിയാദ്: സൗദി അറേബ്യയിലെ ഒരു സ്വദേശി സ്പോൺസർ രാജ്യങ്ങൾക്കും ഭാഷകൾക്കും അതീതമായി മനുഷ്യസ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുതിയ നിർവചനമായി മാറുകയാണ്. തന്‍റെ തൊഴിലാളിയുടെ വിവാഹ പാർട്ടിയുടെ ചെലവുകൾ വഹിക്കുകയും വിരുന്ന് നടത്തുകയും ചെയ്താണ് സ്പോൺസർ തൊഴിലാളിയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.

ഒരു സുഡാനീസ് തൊഴിലാളിയുടെ വിവാഹ വിരുന്നാണ് സ്പോൺസർ ഏറ്റെടുത്തത്. സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ അൽ ജൗഫ് മേഖലയിലാണ് സംഭവം. തൊഴിലാളിയുടെ വിവാഹ വിരുന്നിന് സ്പോൺസർ സന്ദർശകരെ സ്വീകരിക്കുകയും സന്തോഷം പങ്കിടുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

സുഡാൻ പൗരൻ തന്‍റെ വിവാഹച്ചടങ്ങ് സൗദി അറേബ്യയിൽ നടത്താൻ തീരുമാനിച്ചപ്പോൾ സ്പോൺസർ ചെലവ് വഹിക്കാൻ തയ്യാറാവുകയായിരുന്നു. സുഡാൻ പൗരനായ മുഹമ്മദ് ജമാലിനെ എല്ലാവർക്കും ഇഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവർ അത് സാക്ഷ്യപ്പെടുത്തുമെന്നും സൗദി പൗരനും സ്പോൺസറുമായ മൂസ അൽ ഖാദിബ് പറഞ്ഞു. ഏഴു വർഷത്തിലേറെയായി മൂസ അൽ ഖാദിബിനൊപ്പം പ്രവർത്തിക്കുകയാണെന്നും അദ്ദേഹവുമായുള്ള ബന്ധം തൊഴിൽപരമായി മാത്രം നിർവചിക്കാൻ കഴിയില്ലെന്നും മുഹമ്മദ് ജമാൽ പറഞ്ഞു.