പിഞ്ചു ജീവൻ കാക്കാൻ കരൾ പകുത്തു നൽകി സൗദി താരം അൽ-ജൊഹാറ

ജുബൈൽ: സൗദി സോഷ്യൽ മീഡിയ താരം അൽ ജോഹറ അൽ ഹുഖൈൽ അപരിചിതയായ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കരൾ ദാനം ചെയ്തു. കരൾ രോഗം മൂലം ജീവന് വെല്ലുവിളി നേരിട്ട ജുമാന അൽ-ഹർബി എന്ന പെൺകുട്ടിയെ രക്ഷിക്കാനാണ് താരം കരൾ പകുത്ത് നൽകിയത്. അൽ ജോഹറ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.യൗവനകാലം മുതൽ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വലിയൊരു സ്വപ്നമാണ് സഫലമായിരിക്കുന്നതെന്നും അവർ പറഞ്ഞു.

അവയവം ദാനം ചെയ്യാനുള്ള അവസരത്തിനായി 15 വയസ്സ് മുതൽ കാത്തിരിക്കുകയായിരുന്ന താരം,സുഹൃത്തിൽ നിന്ന് കുട്ടിയുടെ രോഗവിവരത്തെക്കുറിച്ചറിഞ്ഞതിനെ തുടർന്ന് ആ കുരുന്നു ജീവൻ രക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.അവയവ ദാനത്തിനായി ആരും മുന്നോട്ട് വരാത്തതിനാൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നും അൽ ജൊഹാറ വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും, ദാരിദ്യനിർമാർജ്ജനത്തിനായി പോരാടാനും മുന്നിട്ടിറങ്ങുമെന്നും അവർ അറിയിച്ചു.

റെറ്റിനക്ക് പരിക്ക് പറ്റിയത് മൂലം താരത്തിന്റെ ഇരു കണ്ണുകൾക്കും ശസ്ത്രക്രിയ നടത്തി റെറ്റിന മാറ്റിവെച്ചിരുന്നു. എന്നാൽ പെൺകുട്ടിക്ക് കരൾ നൽകുന്നതിന് ഇതൊരു തടസ്സമായതേയില്ല. ഒരു പിഞ്ചു ജീവൻ രക്ഷിക്കാൻ കരൾ പകുത്തു നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സ്വീകാര്യത നേടിയിരിക്കുകയാണ് താരമിപ്പോൾ