പഠിക്കുന്നതിനായ് രാത്രിയിൽ ചായവില്പന! യുവാവിന് സമൂഹമാധ്യമങ്ങളിൽ നിറ കൈയ്യടി

ഇൻഡോർ : പാർട്ട് ടൈം ജോലി ചെയ്ത് പഠനത്തിനായുള്ള പണം സമ്പാദിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. കുടുംബത്തിന്റെ കഷ്ടതകളാൽ അവധി ദിവസങ്ങളിൽ ജോലി ചെയ്തും, രാത്രിയിൽ ചെറിയ കച്ചവടം ചെയ്തുമെല്ലാം പുസ്തകങ്ങൾ വാങ്ങുന്നതിനും മറ്റുമായി അവർ പണം കണ്ടെത്തുന്നു.

ഇത്തരത്തിൽ പഠന ചിലവുകൾക്കായി രാത്രിയിൽ ചായ വിൽക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഗോവിന്ദ് ഗുർജർ എന്ന മാധ്യമപ്രവർത്തകനാണ് ഇൻഡോർ സ്വദേശിയായ അജയ് എന്ന യുവാവിന്റെ വീഡിയോ ട്വിറ്ററിലൂടെ ജനങ്ങൾക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.

‘ഏവരും അജയിയെ അറിയണം. പകൽ പഠിക്കാൻ പോകുന്ന അജയ് രാത്രിയിൽ ചായ വിൽക്കുന്നു. ഭക്ഷണത്തിനും, കോച്ചിംഗ് ക്ലാസിനുമുള്ള പണം അദ്ദേഹം ചായ വിറ്റാണ് സമ്പാദിക്കുന്നത്. ദൈവം അജയിയെ അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ അജയ് വിജയം നേടിയ ശേഷം ഈ വീഡിയോ അവന്റെ പോരാട്ടവീര്യത്തിന്റെ തെളിവാകും’ എന്നാണ് ഗോവിന്ദ് ട്വീറ്റ് ചെയ്തത്.