സഞ്ചരിക്കുന്ന ടീ ഷോപ്പിലൂടെ ശാലിനിക്ക് പുതുജീവിതം

എളങ്കുന്നപ്പുഴ: സഞ്ചരിക്കുന്ന ചായക്കടയിലൂടെ വഴിമുട്ടിയ ജീവിതം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് ശാലിനി. ഏക മകളടങ്ങിയ കുടുംബത്തിന്റെ അത്താണിയായിരുന്ന പുതുവൈപ്പ് തുണ്ടിയിൽ സ്വദേശി ശാലിനി രോഗബാധിതയായതോടെയാണ് ജീവിതം പ്രതിസന്ധിയിലാവുന്നത്.

ശാലിനിയുടെ അവസ്ഥയറിഞ്ഞ് വൈപ്പിൻ ലയൺസ് ക്ലബ് സഹായത്തിനെത്തുകയായിരുന്നു. സഞ്ചരിക്കുന്ന ചായക്കടക്കാവശ്യമായ നാൽചക്ര വാഹനം വാങ്ങി നൽകുന്നതിന് ക്ലബ് അധികൃതർ മുൻകൈയെടുത്തു. ബട്ടർഫ്ലൈ ക്യാൻസർ കെയർ ഫൌണ്ടേഷനാണ് കടയിലേക്കുള്ള പാചകസാമഗ്രികളും മറ്റും എത്തിച്ചു നൽകിയത്.

എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് രസികല പ്രിയരാജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡന്‍റ് കെ.ജി.ജോൺഫി അധ്യക്ഷത വഹിക്കുകയും ക്ലബിന്റെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി ഫ്രാൻസിസ് താക്കോൽദാനം നിർവഹിക്കുകയും ചെയ്തു. പഞ്ചായത്ത് ആരോഗ്യസമിതി അംഗം ലിജീഷ് സേവ്യർ, പ്രസിഡന്റ്‌ സോഫിയ ജോയ് ലയൺസ് ക്ലബ് സെക്രട്ടറി കെ.ജി.തങ്കച്ചൻ, ട്രഷറർ കെ.ബി.വിൻസെന്‍റ്, ഡോ.സുധാകർ, ഡോ.മനിത, ഡോ.അഞ്ജന, ലിഗീഷ് എന്നിവർ പ്രസംഗിച്ചു.