72 വയസ്സുള്ള അമ്മയുമൊത്ത് രാജ്യങ്ങള്‍ താണ്ടി മകന്റെ സ്‌കൂട്ടര്‍ യാത്ര

കാഞ്ഞങ്ങാട്: രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള സ്കൂട്ടർ. 72 വയസ്സുള്ള അമ്മയോടൊപ്പം മകൻ ഇതിൽ സഞ്ചരിച്ചത് 58,352 കിലോമീറ്റർ. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളെല്ലാം ചുറ്റിക്കറങ്ങി. അമ്മയോടുള്ള സ്നേഹമാണ് ഇതെന്ന് മകൻ. എനിക്കിത് സുകൃതമെന്ന് അമ്മ.

മൈസൂരുവിലെ ബൊഗാഡി സ്വദേശികളായ ചൂഡാരത്‌നമ്മയും, 44 കാരനായ മകൻ ഡി.കൃഷ്ണകുമാറുമാണ് ഈ അപൂർവ സ്കൂട്ടർ യാത്രക്കാർ. ഊർജ്ജസ്വലയായി, അതത് സ്ഥലത്തെ വിവരങ്ങൾ ചോദിച്ചും സ്വയം പരിചയപ്പെടുത്തിയും, പ്രായത്തിന്‍റെ ഒരു ആശങ്കയും കൂടാതെ യാത്രാ അനുഭവങ്ങളും സന്തോഷങ്ങളും ചൂഡാരത്‌നമ്മ പങ്കിടുന്നു.

ഇനി യാത്രയുടെ രണ്ടാം ഘട്ടമാണ്. വീട്ടില്‍നിന്ന് വീണ്ടുമിറങ്ങിയപ്പോള്‍ നേരേയെത്തിയത് കേരളത്തില്‍. കഴിഞ്ഞ ദിവസമാണ് ഇവർ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ എത്തിയത്. ഇത്തവണ ക്ഷേത്രങ്ങൾ, മഠങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് യാത്ര. രണ്ട് പതിറ്റാണ്ട് മുമ്പ് ചൂഡാരത്നമ്മയുടെ ഭർത്താവ് ദക്ഷിണാമൂർത്തി വാങ്ങിയതാണ് ഈ സ്കൂട്ടർ.