പാർലമെന്റിൽ പ്രസംഗിച്ച് നന്ദിക;പ്രശംസിച്ച് സ്പീക്കറും വിദ്യാഭ്യാസ മന്ത്രിയും

ദേശീയ തലത്തിൽ എട്ടുലക്ഷത്തിലൊരാളായി ചുരുക്കപ്പട്ടികയിൽ സ്ഥാനം നേടുക, പട്ടികയിലുള്ള ഏക മലയാളി, പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കുക, ലോക്സഭാ സ്പീക്കറുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും ഫേസ്പേബുക്ക്‌ പേജിൽ ഇടം പിടിക്കുക എന്നതെല്ലാം സ്വപ്നതുല്യമായ നേട്ടങ്ങളാണ്.

ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനത്തിന്റെ ഭാഗമായി പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ പ്രസംഗിച്ചാണ് തലശ്ശേരി കോടിയേരി സ്വദേശിനി നന്ദിക കെ. കുമാർ കയ്യടി നേടിയിരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ 75-ാംവാർഷികത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് സംഘടിപ്പിച്ച ‘വീർ ഗാഥ’ പരിപാടിയിൽ പങ്കെടുത്താണ് പാർലമെന്റിൽ പ്രസംഗിക്കാൻ നന്ദിക യോഗ്യത നേടിയത്.

ലോക്സഭാ സ്പീക്കർ ഓം ബിർള നന്ദികയെ അഭിനന്ദിച്ച് തന്റെ സോഷ്യൽ മീഡിയ പേജിൽ പ്രസംഗം പങ്കുവച്ചു.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളികൂടിയാണ് നന്ദിക. ബെംഗളൂരു സെന്‍റ് പാട്രിക്സ് അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിക സോഫ്റ്റ് വെയർ എൻജിനീയർ കോടിയേരി കല്ലിൽതാഴെ സ്വദേശി അനീഷ് കുമാറിന്‍റെയും അധ്യാപിക ധന്യയുടെയും മകളാണ്.നന്ദികക്ക് ദൈവിക് എന്ന സഹോദരനുമുണ്ട്.