ബിജെപി ഇതരസര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവിയെന്ന് നിതീഷ് 

പട്ന: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് ബി.ജെ.പി. ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിന്നാക്കം നില്‍ക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

സർക്കാർ രൂപീകരിക്കാൻ അവസരം ലഭിച്ചാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയെ ഒരുമിപ്പിക്കാനുള്ള സാധ്യതകൾ ആരായാൻ നിതീഷ് കുമാർ അടുത്തിടെ ഡൽഹി സന്ദർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ബി.ജെ.പി. ഇതര സര്‍ക്കാരിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

2007 മുതൽ ബീഹാറിന് പ്രത്യേക പദവി നൽകണമെന്നാണ് നിതീഷ് കുമാറിന്‍റെ ആവശ്യം. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക പദവി എന്ന വിഷയം ഉയർത്തിക്കാട്ടി ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കുകയാണ് നിതീഷ് കുമാർ.