ട്രെയിനുകള്‍ക്ക് നേരേയുള്ള കല്ലേറ് വര്‍ധിച്ചതായി ആര്‍പിഎഫ്
വടകര: ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് മുന്‍പത്തേതിലും കൂടിയതായി ആർ.പി.എഫിന്‍റെ റിപ്പോർട്ട്. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, ഷൊർണൂർ, തിരൂർ ഭാഗങ്ങളിലാണ് കല്ലേറ് കൂടിയതായി പറയപ്പെടുന്നത്. ഇതോടെ ഈ ഭാഗങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഒരു മാസത്തിൽ ശരാശരി മൂന്ന് തവണയെങ്കിലും കല്ലേറുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. കല്ലേറിൽ യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും പരിക്കേൽക്കുകയും, ട്രെയിനുകൾക്കും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
വെസ്റ്റ്ഹില്‍-എലത്തൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍വെച്ച് തിരുവനന്തപുരം നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് പേരെ റെയിൽവേ പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. റെയിൽവേ ട്രാക്ക് കടന്നുപോകുന്ന വിജനമായ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്ന ലഹരി സംഘങ്ങൾ ട്രെയിനിന് നേരെ കല്ലെറിയുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിശോധനയും ബോധവൽക്കരണ പരിപാടികളും ഊർജിതമാക്കാനാണ് ആർപിഎഫിന്‍റെ നീക്കം.