കുവൈറ്റിലേക്ക് ഇനി ഭാര്യയ്ക്കും കുട്ടികൾക്കും മാത്രം സന്ദർശന വിസ

കുവൈറ്റ്: രാജ്യത്തേക്കുള്ള വിസിറ്റ് വിസ സംബന്ധിച്ച പദ്ധതിക്ക് ആഭ്യന്തര മന്ത്രാലയം അന്തിമരൂപം നൽകിയതായി വിവരം. പുതുവർഷത്തിന്‍റെ തുടക്കത്തിൽ തീരുമാനം പുറപ്പെടുവിക്കുമെന്നാണ് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശക വിസ വർക്ക് പെർമിറ്റിലേക്ക് പരിവർത്തനം ചെയ്യുന്നത് തടയുന്നത് ഉൾപ്പെടെ സന്ദർശക വിസ അനുവദിക്കുന്നതിനുള്ള കർശന നിബന്ധനകൾ കരട് തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ദർശക വിസയ്ക്കുള്ള ഫീസ് ഇരട്ടിയാക്കുമെന്നും ഭാര്യയ്ക്കും മക്കൾക്കും മാത്രമേ വിസ അനുവദിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഉയർന്ന ശമ്പളമുള്ളവരുടെ മാതാപിതാക്കളെ മാത്രമേ വിസിറ്റ് വിസ അനുവദിക്കാൻ പരിഗണിക്കൂ. സന്ദർശക, കുടുംബ സമാഗമ വിസകൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് അന്തിമ തീരുമാനം പുറപ്പെടുവിക്കുന്നതിന് കരട് രേഖ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന് സമർപ്പിക്കുന്നതിനുമുള്ള അന്തിമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാങ്കേതിക സംഘം പ്രവർത്തിക്കുന്നുണ്ട്.