ചാറ്റിങ് നിര്‍ത്തിയത് പ്രകോപനമായി ; 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത രണ്ടുപേര്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡൽഹിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ വെടിയുതിർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ബോബി, പവന്‍ എന്നിവരെയാണ് രണ്ടുദിവസത്തിന് ശേഷം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, വധശ്രമം ആസൂത്രണം ചെയ്ത, സംഘത്തിലെ പ്രധാനിയായ അർമാൻ അലി ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മുഖ്യപ്രതി അർമാൻ അലിയുമായി പെൺകുട്ടി ചാറ്റ് ചെയ്യുന്നത് നിർത്തിയതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രതികളുടെ മൊഴി. സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞ രണ്ടുവര്‍ഷമായി അര്‍മാനും പെണ്‍കുട്ടിയും തമ്മിൽ പരിചയമുണ്ട്. എന്നാൽ ആറുമാസം മുമ്പ് പെൺകുട്ടി ഇയാളുമായി സംസാരിക്കുന്നത് നിർത്തി. സന്ദേശങ്ങൾക്ക് മറുപടി നൽകാതായി. ഇതോടെയാണ് അർമാൻ ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ചയാണ് ഡൽഹിയിലെ സംഗം വിഹാറിൽ 16കാരിക്ക് വെടിയേറ്റത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. വെടിയുതിർത്ത ഉടൻ തന്നെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. തോളിൽ വെടിയേറ്റ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.