സൈനികരെക്കുറിച്ച് അത്തരം പ്രയോഗം ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ എസ് ജയശങ്കർ
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം മർദ്ദിച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശിലെ ചൈനീസ് ആക്രമണത്തെ കുറിച്ച് വിശദീകരിക്കവെയാണ് ഇന്ത്യൻ സൈനികരെ ‘പ്രഹരിച്ചെ’ന്ന് രാഹുൽ ഗാന്ധി പരാമർശിച്ചത്. എന്നാൽ ഇന്ത്യൻ സൈനികരുമായി ബന്ധപ്പെട്ട് ഇത്തരമൊരു പ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ജയശങ്കർ പാർലമെന്‍റിൽ പറഞ്ഞു.
“രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, ഞങ്ങൾ രാഷ്ട്രീയ വിമർശനങ്ങൾക്ക് എതിരല്ല. എന്നാൽ നമ്മുടെ ജവാൻമാരെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശിക്കുന്നത് ശരിയാണെന്ന് കരുതുന്നില്ല. യാങ്ട്സെയിൽ നമ്മുടെ ജവാൻമാർ 13,000 അടി ഉയരത്തിലാണ് അതിർത്തി കാക്കുന്നത്. അത്തരം വാക്കുകൾ അവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കരുത്” ജയശങ്കർ പറഞ്ഞു.
ഭാരത് ജോഡോ യാത്രക്കിടെ, ഇന്ത്യയ്ക്കെതിരെ ചൈന യുദ്ധത്തിന് കോപ്പുകൂട്ടുന്നുവെന്നും മോദി ഭരണകൂടം ‘ഉറങ്ങുക’യാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ചൈനീസ് സൈനികർ ഇന്ത്യൻ സൈന്യത്തെ മർദ്ദിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിന്‍റെ പേരിൽ കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.