അഭിപ്രായ സർവേയിൽ പണികിട്ടി; മസ്ക് ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയണമെന്ന് ഭൂരിപക്ഷം

ന്യൂയോർക്: ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണോ എന്ന് ചോദിച്ച് അഭിപ്രായ സർവേ നടത്തി വെട്ടിലായി എലോൺ മസ്ക്. ട്വിറ്ററിലൂടെയാണ് മസ്ക് അഭിപ്രായ സർവേ നടത്തിയത്. അഭിപ്രായ സർവേ ഫലങ്ങൾ അംഗീകരിക്കുമെന്നും മസ്ക് ഉറപ്പ് നൽകിയിരുന്നു.

വോട്ടെടുപ്പ് ആരംഭിച്ച് എട്ട് മണിക്കൂർ പിന്നിടുമ്പോൾ 175 ലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 57.5 ശതമാനം പേർ മസ്ക് സ്ഥാനമൊഴിയണമെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം പേർ മസ്കിനെ പിന്തുണച്ചു.

ഇതിന് പിന്നാലെ മറ്റ് ചില ട്വീറ്റുകളും മസ്ക് പങ്കുവച്ചു. “മുന്നോട്ട് പോകുമ്പോള്‍, വലിയ നയപരമായ മാറ്റങ്ങള്‍ക്കായി ഒരു വോട്ടെടുപ്പ് ഉണ്ടാകും. ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനി സംഭവിക്കില്ല” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മറ്റൊരു ട്വീറ്റിൽ അദ്ദേഹം എഴുതി, “നിനക്കിഷ്ടമുള്ളത് കരുതിയിരിക്കുക എന്ന പഴഞ്ചൊല്ല് പോലെ, നിങ്ങള്‍ക്ക് അത് ലഭിച്ചേക്കാം”