ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ തരൂരിന് പിന്തുണ; പ്രമേയം പാസാക്കി ഉന്നത സമിതികൾക്ക് അയച്ചു

കോട്ടയം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്വന്തം നാട്ടിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന് പിന്തുണ. കോട്ടയം പുതുപ്പള്ളിയിൽ ശശി തരൂരിന് അനുകൂലമായി പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ പിന്തുണയ്ക്കുന്നത്. കോട്ടയം ഡി.സി.സി, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയ്ക്ക് പ്രമേയം അയച്ചു. കോൺഗ്രസിന്‍റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പ്രവർത്തകർക്ക് റോളില്ലെന്ന ബോധ്യത്തോടെയാണ് പ്രമേയം പാസാക്കിയത്. തിരഞ്ഞെടുപ്പ് വരുമ്പോൾ പ്രവർത്തകരാണ് എല്ലാം എന്ന് പറയുന്ന എല്ലാ നേതാക്കളും പ്രമേയം കാണണമെന്ന മുന്നറിയിപ്പോടെയാണ് പ്രമേയം ഉന്നത സമിതികൾക്ക് അയച്ചത്. തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വം പരസ്യ നിലപാട് സ്വീകരിക്കുമ്പോൾ താഴെത്തട്ടിലുള്ള അണികളിൽ നിന്നും അനുഭാവികളിൽ നിന്നും അദ്ദേഹത്തിന് ലഭിക്കുന്ന പിന്തുണ നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. തരൂർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും താഴേത്തട്ടിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പിന്തുണ സംഘടനയിൽ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ ഇന്ന് മഹാരാഷ്ട്രയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വോട്ട് തേടും. രാവിലെ അദ്ദേഹം മുതിർന്ന നേതാവ് സുശീൽകുമാർ ഷിൻഡെയുടെ വസതിയിൽ എത്തും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുംബൈയിലെ പിസിസി ആസ്ഥാനത്തെത്തും. മല്ലികാർജുൻ ഖാർഗെയ്ക്ക് ലഭിച്ചത്‌ പോലുള്ള സ്വീകരണം തരൂരിന് പിസിസി ആസ്ഥാനത്ത് ലഭിക്കാൻ സാധ്യതയില്ല. നേതാക്കൾ പങ്കെടുക്കാത്തതിൽ തനിക്ക് ആശങ്കയില്ലെന്നും സാധാരണക്കാരന്‍റെ പ്രതിനിധിയാണ് താനെന്നും തരൂർ പറഞ്ഞു. പിസിസി ഓഫീസ് സന്ദർശനത്തിന് ശേഷം തരൂർ മുംബൈയിലെ കോൺഗ്രസ് ഓഫീസിലേക്ക് പോകും.