നല്ലൊരു കുളിമുറിയിൽ സുരക്ഷിതയായി കുളിക്കണം; വിദ്യാർത്ഥിനിക്ക് കൈത്താങ്ങായി അധ്യാപിക

ടീച്ചർ, എനിക്ക് നല്ലൊരു കുളിമുറി വേണം. ആഗ്രഹങ്ങൾ എഴുതാൻ പറഞ്ഞപ്പോൾ ഏഴാം ക്ലാസുകാരി അധ്യാപികയ്ക്ക് എഴുതി നൽകിയ വാക്കുകളാണിത്. ടീച്ചർ ആവശ്യപ്പെട്ട് 15 മിനിറ്റിനുള്ളിൽ വിദ്യാർത്ഥിനി എഴുതി നൽകിയ ആ കടലാസിൽ ഒരു കൊച്ചുകുട്ടിയുടെ കുഞ്ഞു മനസ്സിലെ ആഗ്രഹങ്ങളായിരിക്കുമെന്ന് കരുതിയ ടീച്ചർക്ക് തെറ്റി.

സ്വന്തമായി ഒരു നല്ല കുളിമുറി വേണം, ആരെയും ഭയക്കാതെ സുരക്ഷിതമായി കുളിക്കണം എന്ന ഏറ്റവും ചെറിയ ആഗ്രഹമായിരുന്നു ആ എഴുത്തിൽ. മലയാളം അധ്യാപികയായ ശാലിനി ടീച്ചർ പിന്നെ അമാന്തിച്ചില്ല. കുട്ടിയുടെ ക്ലാസ് ടീച്ചർ ശ്രീജിത, വിദ്യാർത്ഥിനിയുടെ സഹോദരന്റെ ക്ലാസ്സ്‌ ടീച്ചർ ജോസഫ് എന്നിവരും മുൻകൈ എടുത്ത് സുമനസ്സുകളുടെ സഹായത്തോടെ കുട്ടി ആഗ്രഹിച്ചതുപോലെ കുളിമുറിയുടെ പണി പൂർത്തിയായി.

റോഡിനോട് ചേർന്നുള്ള വീടായതിനാൽ കിണറിനോട് ചേർന്ന് നിന്ന് കുളിക്കുന്നത് ഒട്ടും സുരക്ഷിതമായിരുന്നില്ല. പിതാവിനോട് പരാതിപ്പെടുമായിരുന്നെങ്കിലും, കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ കുട്ടി ആഗ്രഹം മനസ്സിലൊതുക്കി. പ്രായപൂർത്തിയായാൽ കുട്ടിയെ മുത്തശ്ശിയുടെ അടുത്തേക്ക് അയക്കാനായിരുന്നു അമ്മയുടെ തീരുമാനം. മറ്റ് കുട്ടികളും, സുഹൃത്തുക്കളും, ഭംഗിയുള്ള കുളിമുറിയിൽ ഷവറിന് കീഴെ കുളിക്കുന്നതെല്ലാം പങ്കുവെച്ചിരുന്നത് കേൾക്കുമ്പോഴും വിദ്യാർത്ഥിനി വിഷമിച്ചിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിൽ പ്രിയ ടീച്ചർക്കും, സുമനസ്സുകൾക്കും നന്ദി പറയുകയാണ് കുട്ടി. പഠിച്ച് ഡോക്ടറായി സൗജന്യമായി ചികിത്സ നൽകുക എന്നതാണ് ഈ മിടുക്കിയുടെ ലക്ഷ്യം.